ന്യൂഡൽഹി: ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി അഭിഷേക് ബാനർജിയും ഭാര്യയും സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാളിലെ സ്‌കൂളുകളിലെ നിയമന ക്രമക്കേടുകൾ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സമൻസ്. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ന്യൂഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശിച്ച ഇ.ഡി സമൻസിനെതിരെ, നടപടി ക്രമങ്ങളുടെ ലംഘനങ്ങൾ ഹരജിക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) സമൻസ് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കാത്തതിനാൽ, ക്രിമിനൽ നടപടി ചട്ടം ബാധകമാണെന്നും, ന്യൂഡൽഹിക്ക് പകരം കുറ്റം നടന്നതായി ആരോപിക്കപ്പെടുന്ന കൊൽക്കത്തയിലേക്ക് വിളിപ്പിക്കണമെന്നും ദമ്പതികൾ വാദിച്ചു.
അഭിഷേക് ബാനർജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും റുജിറ ബാനർജിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ ഡോ. അഭിഷേക് മനു സിങ്വിയും ഗോപാൽ ശങ്കരനാരായണനും ഹാജരായി.
പശ്ചിമ ബംഗാൾ സ്കൂളുകളിലെ റിക്രൂട്ട്മെന്‍റ് ക്രമക്കേടുകൾ, അസൻസോളിനടുത്തുള്ള കുനുസ്തോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ് ഖനികൾ ഉൾപ്പെട്ട കൽക്കരി തട്ടിപ്പ് തുടങ്ങി ഒന്നിലധികം കേസുകളിൽ അഭിഷേക് ബാനർജി ഇ.ഡിയുടെ അന്വേഷണ പരിധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.