ന്യൂഡൽഹി: ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടി മണ്ഡലത്തിൽ നിന്നുള്ള കനിമൊഴിയുടെ വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളാൻ മദ്രാസ് ഹൈകോടതി വിസമ്മതിച്ചിരുന്നു. ഇതേതുടർന്നാണ് ഹരജി തള്ളണമെന്ന ആവശ്യവുമായി കനിമൊഴി സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി വിദേശ പങ്കാളിയുടെ പാൻ കാർഡ് വിവരങ്ങൾ വെളിപ്പെടുത്തണോ എന്ന വാദമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. തെരഞ്ഞെടുപ്പ് ഹരജി തള്ളിയ ജസ്റ്റിസുമാരായ അജയ് റസ്തോഗിയും ബേല ത്രിവേദിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരാതിക്കാരന് അപ്പീൽ നൽകാമെന്ന് വ്യക്തമാക്കി.
സിംഗപ്പൂർ പൗരനായ തന്‍റെ പങ്കാളിക്ക് പാൻ കാർഡ് ഇല്ല. തെറ്റായ വാദമാണ് ഹരജിക്കാരൻ ഉന്നയിക്കുന്നത്. ആരോപണം സാധൂകരിക്കുന്നതൊന്നും പരാതിക്കാരന്‍റെ പരാതിയിലില്ല. പങ്കാളിയുടെ പാൻ കാർഡ് നൽകിയില്ലെന്ന അവ്യക്തമായ പ്രസ്താവന തെരഞ്ഞെടുപ്പ് ഹരജിയിൽ നിലനിൽക്കില്ലെന്ന നിരവധി വിധികൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പങ്കാളിയുടെ പാൻ കാർഡ് വിവരങ്ങൾ സംബന്ധിച്ച തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ കോളത്തിൽ 'ബാധകമല്ല' എന്ന് കനിമൊഴി രേഖപ്പെടുത്തിയിരുന്നു. 55 ശതമാനം വോട്ട് നേടിയാണ് കനിമൊഴി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഭർത്താവിനെ കുറിച്ചുള്ള വിവരങ്ങളിൽ വോട്ടർമാർ തൃപ്തരാണെന്നും മുതിർന്ന അഭിഭാഷകൻ പി. വിൽസൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.