ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ നടുക്കം പ്രകടിപ്പിച്ച സുപ്രീംകോടതി അവ ആവർത്തിക്കാതിരിക്കുന്നതിന് അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പൗരന്മാരുടെ മൗലികാവകാശങ്ങൾക്കൊപ്പം രാജ്യത്തിന്റെ മതേതര ജനാധിപത്യസ്വഭാവവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്നും വിവിധ മത ജാതികളിൽപ്പെട്ടവർ സൗഹാർദത്തോടെ കഴിഞ്ഞില്ലെങ്കിൽ മതേതര രാജ്യമായ ഇന്ത്യയിൽ സാഹോദര്യമുണ്ടാവില്ലെന്നും ബെഞ്ച് ഓർമപ്പെടുത്തി. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ സുപ്രീംകോടതി നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ശഹീൻ അബ്ദുല്ല സമർപ്പിച്ച ഹരജിയിലാണ് നടപടി.
വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന പരാതി ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി മുമ്പാകെയുള്ള വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസുകളിൽ എതിർകക്ഷികളായ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
മേലിൽ വിദ്വേഷപ്രസംഗങ്ങൾ നടന്നാൽ ആരുടെയും പരാതിക്ക് കാത്തുനിൽക്കാതെ ഇന്ത്യൻ ശിക്ഷാ നിയമം 153എ, 153ബി, 295എ, 506 തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ക്രിമിനൽ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകണം. ഈ നിർദേശപ്രകാരം വിദ്വേഷപ്രസംഗങ്ങൾക്കെതിരെ നടപടി എടുക്കാൻ വിമുഖത കാണിച്ചാൽ കോടതിയലക്ഷ്യമായി കണ്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. നടപടിയെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകൾ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്ത് വിദ്വേഷ അന്തരീക്ഷം രൂപപ്പെട്ടുവരുന്നതിനെതിരെയാണ് ഹരജിയെന്ന് ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ''ഭരണഘടനയുടെ 51എ പ്രകാരം ശാസ്ത്രാവബോധം വികസിപ്പിക്കേണ്ടവരാണ് നമ്മൾ.
മതത്തിന്റെ പേരിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നത്? ഇത് ദുരന്തപൂർണമാണ്''- ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു. ഭാരതം ഒരു മതേതര രാജ്യമാണെന്നും സാഹോദര്യം ഓരോ വ്യക്തിയുടെയും അന്തസ്സ് ഉറപ്പുവരുത്തുമെന്നുമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ മാർഗനിർദേശക തത്ത്വങ്ങളാണ്. വിവിധ മത ജാതികളിൽപ്പെട്ടവർ സൗഹാർദത്തോടെ കഴിഞ്ഞില്ലെങ്കിൽ മതേതര രാജ്യമായ ഇന്ത്യയിൽ സാഹോദര്യമുണ്ടാവില്ല.
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ചിന് കൈമാറിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വെള്ളിയാഴ്ച ആവശ്യപ്പെടുകയായിരുന്നു. പരാതികൾ ആവർത്തിച്ചിട്ടും വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. ഇത് രേഖപ്പെടുത്തിയ ബെഞ്ച്, പൗരന്മാരുടെ മൗലികാവകാശങ്ങൾക്കൊപ്പം രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്ന് പ്രതികരിച്ചു. തുടർന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.