സീതാപൂർ കേസിൽ മുഹമ്മദ്​ സുബൈറിന്​ ജാമ്യം; ട്വീറ്റ് ചെയ്യരുത്​, കോടതിയുടെ പരിധി വിട്ടുപോകരുത്​

ന്യൂഡൽഹി: ട്വീറ്റുകൾ ചെയ്യരുതെന്നും ഡൽഹി കോടതിയുടെ പരിധി വിട്ടുപോകരുതെന്നുമുള്ള ഉപാധിയോടെ യു.പിയി​ലെ സീതാപൂർ കേസിൽ 'ആൾട്ട്​ ന്യൂസ്​' സഹസ്ഥാപകൻ മുഹമ്മദ്​ സുബൈറിന്​ സുപ്രീംകോടതി അഞ്ച് ദിവസത്തെ​ ഇടക്കാല ജാമ്യം അനുവദിച്ചു. യു.പി സർക്കാറിന്​ വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി രാജും ഉയർത്തിയ തടസവാദങ്ങൾ തള്ളിക്കളഞ്ഞാണ്​ ജസ്റ്റിസ്​ ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചിന്‍റെ വിധി.

ഇടക്കാല ഉത്തരവ്​ സീതാപൂർ കോടതിയിലെ കേസിന്​ മാത്രം ബാധകമാണെന്നും ഡൽഹി അടക്കമുള്ള മറ്റു കേസുകൾക്ക്​ ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി. അവധി കഴിഞ്ഞ്​ കോടതി തുറക്കുമ്പോൾ ഉചിതമായ ബെഞ്ച്​ ഹരജി പരിഗണിക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

ചെയ്യാത്ത കുറ്റത്തിന്​ യു.പി പൊലീസ്​ രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​​ സുബൈർ സുപ്രീംകോടതിയിലെത്തിയത്​. സുബൈറിന്‍റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്​ വാദം തുടങ്ങുന്നതിന്​ മുമ്പെ കേന്ദ്ര സർക്കാറിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തടസവാദം ഉന്നയിച്ചു. സുബൈറിന്‍റെ ജാമ്യഹരജിയിൽ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്തതും കോടതി റിമാൻഡ്​ ചെയ്തതുമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും വസ്തുതകൾ മറച്ചുവെച്ചുവെന്നുമായിരുന്നു മേത്തയുടെ തടസവാദം.

ഇത്​ കേട്ട്​​ സുബൈർ ഈ കേസിൽ ഇതിനകം അറസ്റ്റിലായോ എന്ന്​ ജസ്റ്റിസ് ഇന്ദിരാ ബാനർജി​ ചോദിച്ചപ്പോൾ സുബൈർ ജുഡീഷ്യൽ കസ്റ്റഡിയിലാണോ പൊലീസ്​ കസ്റ്റഡിയിലാണോ എന്നത്​ പ്രശ്നമല്ലെന്ന്​ കോളിൻ ഗോൺസാൽവസ്​ മറുപടി നൽകി. അലഹാബാദ്​ ഹൈകോടതി തള്ളിയതിനെതിരെയാണ്​ അപ്പീലെന്നും അതേക്കുറിച്ചാണ്​ വാദിക്കുന്നതെന്നും ഗോൺസാൽവസ്​ വാദിച്ചു.

ഭരണഘടനക്കും നിയവ്യവസ്ഥക്കും സുപ്രീംകോടതിക്കും ​​വേണ്ടി നിലകൊണ്ടതിനും അതിനെതിരെ സംസാരിച്ചത്​ പുറത്തുകൊണ്ടുവന്നതിനാണ്​ സുബൈറിനെ ജയിലിലടച്ചത്​. യതി നരസിംഗാനന്ദ അടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചാണ്​ സുബൈർ ട്വീറ്റ്​ ചെയ്തത്​. ആ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അവർ അറസ്റ്റിലാകുകയും ചെയ്തതാണ്​. മതനിന്ദ പുറത്തുകൊണ്ടുവന്നത്​ എങ്ങിനെ മതനിന്ദയാകും? മതനിന്ദ പുറത്തുകൊണ്ടുവന്നയാൾ ഇപ്പോൾ ജയിലിലും മതനിന്ദ നടത്തിയ ആൾ പുറത്തുമാണ്​. സുബൈർ മതനിന്ദ നടത്തുകയായിരുന്നില്ല, ഭരണഘടനയുടെ കാവലാളാവുകയായിരുന്നു. അതിനാൽ മതനിന്ദാ കുറ്റം നിൽനിൽക്കില്ല. അ​ശ്ലീലമായ കാര്യം പ്രസിദ്ധപ്പെടുത്തി എന്ന വകുപ്പും ഇതിൽ നിലനിൽക്കില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Supreme Court grants interim bail for 5 days to Alt News co-founder Mohammed Zubair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.