കെജ്രിവാളിന് ജാമ്യം കിട്ടുമോ? ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന്റെ ഹരജിയിൽ വിധി പറയുക.

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വാദം നീണ്ടാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയേക്കുമെന്ന് സുപ്രീംകോടതി മേയ് മൂന്നിന് സൂചന നൽകിയിരുന്നു. ഡൽഹിയിൽ മേയ് 25നാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. ജയിലില്‍ കഴിയവെ മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്‌രിവാളിന് ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനാകുമോയെന്നും ഇ.ഡി വിശദീകരണം നല്‍കണം. ഡല്‍ഹി മദ്യനയ ഇടപാട് കേസുമായി ബന്ധപ്പെട്ടും സുപ്രീംകോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കും. കമ്പനിയെന്ന നിര്‍വചനത്തില്‍ എ.എ.പി എന്ന രാഷ്ട്രീയപാര്‍ട്ടി വരുമോയെന്നും ഇഡി വിശദീകരിക്കണം. ചോദ്യങ്ങള്‍ക്ക് ചൊവ്വാഴ്ച മറുപടി നല്‍കാന്‍ തയ്യാറാകണമെന്നാണ് ഇ.ഡിക്ക് സുപ്രിംകോടതി നല്‍കിയ മുന്നറിയിപ്പ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കണമെന്ന് ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു

മാർച്ച് 21നാണ് കെജ്രിവാളിനെ മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ആവർത്തിച്ച് സമൻസയച്ചിട്ടും ​കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെന്ന് കാണിച്ച് ഏപ്രിൽ ഒമ്പതിന് ഡൽഹി ഹൈകോടതി അറസ്റ്റ് ശരിവെച്ചു.

അതിനിടെ, എ.എ.പിയെയും കെജ്രിവാളിനെയും കുടുക്കാനായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയിൽനിന്ന് 160 കോടി ഡോളർ സ്വീകരിച്ചെന്ന പരാതിയിൽ അന്വേഷണം ആവശ്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ലഫ്റ്റനന്റ് ഗവർണർ നൽകിയ ശിപാർശ. 1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഫസർ ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കുന്നതിന് നിരോധിത ഖലിസ്താൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാണ് പരാതി. വേൾഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ആം ആദ്മി പാർട്ടിക്കെതിരെ പരാതി നൽകിയത്.

Tags:    
News Summary - Supreme court hears Arvind Kejriwal's request for bail to campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.