ന്യൂഡൽഹി: ഹിന്ദു വിവാഹനിയമപ്രകാരമുള്ള മിശ്രവിവാഹം അസാധുവാണെന്ന് സുപ്രീംകോടതി. ഹിന്ദു മതസ്ഥരുടെ വിവാഹം മാത്രമേ ഹിന്ദു വിവാഹനിയമപ്രകാരം നിലനിൽക്കൂവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2017ലെ തെലങ്കാന ഹൈകോടതി വിധിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് വെള്ളിയാഴ്ച ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ ഈ നിരീക്ഷണം നടത്തിയത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഫെബ്രുവരിയിലേക്ക് മാറ്റി.
ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിച്ചെന്ന പരാതിയിൽ ഹരജിക്കാരനെതിരെ 2013ൽ ഐ.പി.സി 494 ചുമത്തി കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന് കാട്ടി തെലങ്കാന ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
ഹിന്ദു വിവാഹ നിയമപ്രകാരം ഇയാൾ തന്നെ 2008ൽ വിവാഹം ചെയ്തെന്നായിരുന്നു പരാതിക്കാരിയുടെ അവകാശവാദം. എന്നാൽ, താൻ വിവാഹം ചെയ്തിട്ടില്ലെന്നും പരാതിക്കാരിക്ക് ഇതിന്‍റെ ഒരു തെളിവും ഹാജരാക്കാനില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. താൻ ക്രിസ്ത്യനാണെന്നും പരാതിക്കാരി ഹിന്ദുവാണെന്നും ഇയാൾ വ്യക്തമാക്കി. അതിനാൽ, ഒരു വിവാഹം നിലനിൽക്കെ താൻ മറ്റൊരു വിവാഹം കഴിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും ഇയാൾ വാദിച്ചു.
തുടർന്നാണ്, ഹിന്ദു വിവാഹനിയമ പ്രകാരം മിശ്രവിവാഹം നടത്താനാകില്ലെന്നും ഹിന്ദുക്കൾക്ക് മാത്രമേ വിവാഹിതരാകാനാകൂവെന്നും കോടതി നിരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.