ഗൗരി ലങ്കേഷ് വധക്കേസ്; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ പ്രതികളിലൊരാൾക്കെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിെൻറ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ് നൽകിയ പ്രത്യേക ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച ആറാം പ്രതിയായ മോഹൻ നായകിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം (കെ.സി.ഒ.സി.എ) ചുമത്തിയ കുറ്റം കർണാടക ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായ കുറ്റകൃത്യങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ മോഹൻ നായക് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചിട്ടില്ല.

കവിത ലങ്കേഷ് നൽകിയ ഹരജി പരിഗണിക്കുന്നതുവരെ പ്രതിക്ക് ജാമ്യം നൽകരുതെന്നും ജസ്​റ്റിസ് എ.എം ഖാൻവിക്കർ, ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു. സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരമുള്ള കുറ്റം മാത്രമാണ് ഹൈകോടതി റദ്ദാക്കിയത്. അതിനാൽ തന്നെ പ്രതിയുടെ ജാമ്യാപേക്ഷയിൽ റദ്ദാക്കിയ ഉത്തരവ് സ്വാധീനിക്കപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ടാണ് കർണാടക സർക്കാരിനും മറ്റു കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹരജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് മോഹൻ നായകിനെതിരെ കെ.സി.ഒ.സി.എ നിയമ പ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾ ഹൈകോടതി റദ്ദാക്കിയത്. തുടർന്ന് അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ ഒളിവിൽ പാർപ്പിക്കുന്നതിൽ സജീവമായി ഇടപെട്ട പ്രതിയാണ് മോഹൻ നായകെന്നും മുഖ്യ പ്രതികളുമായി മോഹൻ നായക് ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നുമാണ് കവിത ലങ്കേഷ് സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ വ്യക്തമാക്കിയത്.

Tags:    
News Summary - Supreme Court Issues Notice On Gauri Lankesh Murder Accused's Bail Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.