ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി; അറസ്റ്റും റിമാൻഡും നിയമവിരുദ്ധം

ന്യൂഡൽഹി: ചൈനീസ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. പ്രബിർ പുർകായസ്തയുടെ അറസ്റ്റും തുടർന്നുണ്ടായ റിമാൻഡും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബി.ആർ ഗവി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്‍റേതാണ് നടപടി. കസ്റ്റഡി അപേക്ഷ വിചാരണ കോടതി തീർപ്പാക്കുന്നതിന് മുമ്പ് റിമാൻഡ് അപേക്ഷയും അറസ്റ്റിന്‍റെ കാരണവും അദ്ദേഹത്തിനോ അഭിഭാഷകനോ നൽകിയില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാൽ, വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബിർ പുർകായസ്തയെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിർ പുർകായസ്തയെ ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പ്രബീറിനൊപ്പം ന്യൂസ് ക്ലിക്കിന്‍റെ എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിർന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലടക്കം 30 കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയായിരുന്നു ഡൽഹി നടപടി.

യു.എ.പി.എ 13, 16, എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ ശത്രുത വളർത്താനും ന്യൂസ് ക്ലിക്കിന് ചൈനയിൽനിന്ന് വൻതോതിൽ പണം ലഭിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരുന്നത്.

Tags:    
News Summary - Supreme Court orders immediate release of Prabir Purkayastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.