കട്ടപ്പന: സംസ്ഥാനത്തെ 1892 തോട്ടം തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ ലഭിക്കാനുള്ള 28 കോടി 12 ലക്ഷം രൂപ നൽകാൻ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായി. ഗ്രാറ്റ്വിറ്റി കുടിശ്ശിക നിർണയിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിരവധി തോട്ടങ്ങൾ 2000ൽ അടച്ചുപൂട്ടിയിരുന്നു. ഇടുക്കിയിലെ പീരുമേട് ടീ കമ്പനി ഉൾപ്പെടെ ഏഴ് തോട്ടങ്ങളാണ് സംസ്ഥാനത്ത് പൂട്ടിയത്.
തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചായിരുന്നു മാനേജ്മെന്റ് തോട്ടങ്ങൾ പൂട്ടിയത്. ഇതിനെതിരെ ഇന്റർനാഷനൽ യൂനിയൻ ഓഫ് ഫുഡ് അഗ്രികൾചറൽ ആൻഡ് അദേഴ്സ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകാൻ 2006ൽ സുപ്രീംകോടതി ഉത്തരവായിരുന്നു.
തുക സർക്കാർ ആദ്യം തൊഴിലാളികൾക്ക് നൽകാനും പിന്നീട് ജപ്തി നടപടികളിലൂടെ മാനേജ്മെന്റിൽനിന്ന് ഈടാക്കാനുമായിരുന്നു വിധി. എന്നാൽ, സാങ്കേതിക ബുദ്ധിമുട്ടുകൾ സർക്കാറും ഗ്രാറ്റ്വിറ്റി ഉൾപ്പെടെ കുടിശ്ശിക നിർണയിക്കുന്നതിലെ പ്രശ്നങ്ങൾ തോട്ടം ഉടമകളും സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് നടപടികൾ മരവിച്ചു.
വിധി നടപ്പാക്കാത്തതിനെതിരെ 2012ൽ സംഘടന വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്നാണ് ആനുകൂല്യങ്ങളുടെ കണക്കെടുപ്പ് നടത്താൻ ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമീഷനായി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.