ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങൾ സൗജന്യമായി വസ്തുക്കൾ നൽകുന്ന പ്രശ്നത്തിൽ ഇടപ്പെട്ട് സുപ്രീംകോടതി. പൊതുഫണ്ട് ഉപയോഗിച്ച് ഇത്തരത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ സമ്മാനങ്ങൾ നൽകുന്നതിലാണ് സുപ്രീംകോടതി ഇടപെടൽ. പലപ്പോഴും ബജറ്റിനേക്കാളും കൂടുതൽ പണം ഇത്തരം വസ്തുക്കൾ വാങ്ങാൻ ഉപയോഗിക്കുന്നുണ്ട്. ഇതൊരു ഗൗരവകരമായ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
നാലാഴ്ചക്കകം ഇക്കാര്യത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ചട്ടങ്ങളുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയപാർട്ടികളുടെ ഒരു യോഗം വിളിക്കുകയാണ് അവർ ചെയ്തത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് എ.എസ് ബോപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കേസുമായി സുപ്രീംകോടതിയെ സമീപിച്ചത്. പൊതുപണം ഉപയോഗിച്ച് നൽകുന്ന സൗജന്യ സമ്മാനങ്ങൾ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് തടസമാണെന്ന് ഹരജിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.