'രാമസേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 'രാമസേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനൊപ്പം രാമസേതു ദർശിക്കുന്നതിനായി പ്രത്യേക മതിൽ നിർമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ ഭരണപരമായ തീരുമാനമെടുക്കേണ്ട കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഹിന്ദു വ്യക്തി നിയമ ബോർഡ്' എന്ന സംഘടനയുടെ അധ്യക്ഷൻ അശോക് പാണ്ഡേയാണ് ഹരജി നൽകിയത്. ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരാണ് ഹരജി പരിഗണിച്ചത്.

'രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുൻ എം.പിയും ബി.ജെ.പി നേതാവുമായ സുബ്രമണ്യൻ സ്വാമിയും ഹരജി നൽകിയിട്ടുണ്ടെന്നും ഈ ഹരജി അതിനോട് കൂട്ടിച്ചേർക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഇത് കോടതി അനുവദിച്ചില്ല. ഹരജിക്കാരന്‍റെ ആവശ്യങ്ങൾ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് തീരുമാനിക്കാവുന്ന കാര്യമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് ഹിന്ദു പുരാണങ്ങളിൽ 'രാമസേതു' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ പണ്ട് ശ്രീരാമന്‍ നിര്‍മിച്ച പാലമാണ് രാമസേതു എന്നാണ് ഹൈന്ദവ വിശ്വാസം.  

Tags:    
News Summary - supreme Court Refuses to Entertain Plea Seeking Direction to Declare 'Ram Sethu' as National Monument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.