ന്യൂഡൽഹി: ഡൽഹിയിലെ ഭരണം പിടിച്ചെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസ് ഉടൻ മരവിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വിവാദ ഓർഡിനൻസിനെതിരെ എ.എ.പി സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം, എ.എ.പി സർക്കാരിന്റെ ഹരജിയിൽ പ്രതികരണം തേടി സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു.
ഓർഡിനൻസ് വിഷയത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ അധിക പ്രതി ചേർക്കാൻ എ.എ.പിക്ക് കോടതി അനുമതി നൽകുകയും അദ്ദേഹത്തിന് സമാനമായ നോട്ടീസ് അയക്കുകയും ചെയ്തു. കേസ് അടുത്ത ജൂലൈ 17ന് പരിഗണിക്കും.
സുപ്രീംകോടതിയെ മറികടക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് ഓർഡിനൻസ് എന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമായിരുന്നു എ.എ.പിയുടെ ആരോപണം. കേന്ദ്രസർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കം തീരുമാനിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിലുടെ കൊണ്ടുവന്ന ഓർഡിനൻസ് മരവിപ്പിക്കാൻ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫിസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റി’ രൂപവത്‌കരിക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള ഓർഡിനൻസ് കേന്ദ്രം മേയ് 19ന് പുറത്തിറക്കിയത്. ഇതുപ്രകാരം സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരം മൂന്നംഗങ്ങളടങ്ങിയ അതോറിറ്റിക്കാണ്. അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണെങ്കിലും അന്തിമതീരുമാനം ലഫ്. ഗവർണർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.