സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിൽ സമർപ്പിച്ച മുഴുവൻ ഹരജികളും സുപ്രീംകോടതി തള്ളി. ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള മലയാളികൾ അടക്കമുള്ളവർ ഹരജികളാണ് തള്ളിയത്. സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

നിലവിലെ അന്വേഷണവുമായി പ്രത്യേക സംഘത്തിന് മുന്നോട്ടു പോകാമെന്നും ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിർബന്ധമാക്കരുതെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു. അതേസമയം, പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന സി.ബി.എസ്.ഇ തീരുമാനം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.

പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാർഥികളായ അനസൂയ തോമസ്, ഗായത്രി തോമസ് എന്നിവർ ഹരജി സമർപ്പിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കിൽ ഒരു പോലെ നടത്തണമെന്നും അല്ലാത്ത പക്ഷം അത് തുല്യതാവകാശ ലംഘനമാണെന്നും ഇവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടാണ് കൊച്ചി സ്വദേശി റോഹൻമാത്യു ഹരജി സമർപ്പിച്ചത്.  

അതിനിടെ, ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കാനും ചോർച്ച തടയാനുമുള്ള പുതിയ നിർദേശങ്ങൾ സമർപ്പിക്കാനും വേണ്ടി മുൻ വിദ്യാഭ്യാസ സെക്രട്ടറി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കുമ്പോഴുള്ള നടപടിക്രമങ്ങൾ, സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ചാണ് പഠിക്കേണ്ടത്. മെയ് 31നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. 

Tags:    
News Summary - Supreme Court reject all Petitions about CBSE Question Paper Leak -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.