ന്യൂഡൽഹി: ബുൾഡോസർ രാജിന്റെ പേരിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിൽ വാക്പോര് കനത്തപ്പോൾ കോടതിമുറി യുദ്ധഭൂമിയാക്കരുതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഇരുവരെയും ഓർമിപ്പിച്ചു. താനൊരു തെരുവുതല്ലുകാരനെപോലെ പെരുമാറുന്നില്ലെന്ന് സോളിസിറ്റർ ജനറൽ നൽകിയ മറുപടി ദവെക്ക് രസിച്ചില്ല. താങ്കൾ സോളിസിറ്റർ ജനറലാണെന്നും ഇത്തരം തരംതാണ പരാമർശങ്ങൾ നടത്തരുതെന്നും ദവെ തിരിച്ചടിച്ചു.
ബുൾഡോസർ രാജിന് തുടക്കമിട്ട ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തങ്ങൾ ഇടിച്ചുനിരത്തുന്നത് നിയമപ്രകാരമാണെന്ന് അവകാശപ്പെട്ടു. നോട്ടീസുകൾ അയച്ചശേഷം പ്രതികരിക്കാത്തവരുടെ വീടുകളാണ് മുനിസിപ്പൽ നിയമം പ്രകാരം യു.പിയിൽ പൊളിച്ചിട്ടുള്ളതെന്നും അദ്ദേഹം വാദിച്ചു. ജംഇയ്യതുൽ ഉലമായേ ഹിന്ദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഇത് ഖണ്ഡിച്ചു. 2022ൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കലാപത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ പാലിച്ചേ ഇടിച്ചുനിരത്താവൂ എന്ന് താങ്കളും അംഗീകരിക്കുന്നുണ്ടെങ്കിൽ തങ്ങൾ മാർഗനിർദേശമിറക്കുമെന്ന് ഇതിനിടയിൽ ജസ്റ്റിസ് ഗവായ്, തുഷാർ മേത്തയോട് പറഞ്ഞു. ഏത് കെട്ടിടവും ഇടിച്ചുനിരത്തും മുമ്പ് ഈ മാർഗനിർദേശങ്ങൾ പാലിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് വിശ്വനാഥനും കൂട്ടിച്ചേർത്തു. താൽക്കാലിക കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് മേത്ത ആവശ്യപ്പെട്ടപ്പോൾ റോഡ് തടസ്സപ്പെടുത്തിയുണ്ടാക്കുന്ന ക്ഷേത്രങ്ങളടക്കം നിയമവിരുദ്ധമായ ഒരു നിർമാണവും തങ്ങൾ സംരക്ഷിക്കില്ലെന്ന് ജസ്റ്റിസ് ഗവായ് മേത്തയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.