കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽനിന്ന് നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി പദത്തിൽനിന്ന് നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. കെജ്രിവാളിനെ അധികാരത്തിൽനിന്ന് നീക്കാൻ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹരജി തള്ളിയത്. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ആവശ്യമെങ്കിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇ.ഡി കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലെത്തണമെന്ന് സുപ്രീംകോടതി കെജ്രിവാളിനോട് നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.

കെജ്രിവാളിന് ജാമ്യം നൽകുന്നതിനെ ഇ.ഡി കോടതിയിൽ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഡൽഹി മുഖ്യമന്ത്രിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 21 ദിവസം കൊണ്ട് ഒന്നും മാറാൻ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കുള്ള പങ്കിനെക്കുറിച്ചോ അന്വേഷണത്തെ കുറിച്ചുള്ള അഭിപ്രായമോ പറയുന്നതിൽനിന്ന് കെജ്രിവാളിനെ കോടതി വിലക്കിയിട്ടുണ്ട്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജ്രിവാൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Supreme Court rejects plea seeking removal of Arvind Kejriwal as Delhi chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.