കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. ഈമാസം ഏഴിന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇതിന് തയാറായി വരണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിഭാഷകന് കോടതി നിർദേശം നൽകി.

‘കോടതി മനസ്സിലുള്ളത് തുറന്ന് പറയുകയാണ്. ഇടക്കാല ജാമ്യം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം. സാധ്യതകളെ പരിഗണിക്കാന്‍ തയാറാണ്’ -ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ പറഞ്ഞു. ഇടക്കാല ജാമ്യം അനുവദിച്ചാൽ കെജ്രീവാളിനുമേൽ ചുമത്താവുന്ന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് തീരുമാനിക്കാനും ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എന്ന നിലയിൽ കെജ്രിവാൾ ഏതെങ്കിലും ഫയലിൽ ഒപ്പുവെക്കണമോയെന്ന് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്പ് (മാര്‍ച്ച് 21) കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇ.ഡി അറിയിക്കണമെന്ന് ഏപ്രില്‍ 30ന് കോടതി നിര്‍ദേശിച്ചിരുന്നു.

വെള്ളിയാഴ്ച നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി വാദിച്ചു. എന്നാൽ, കെജ്രിവാളിനെതിരെയുള്ള കുറ്റം ഇ.ഡിക്ക് കണ്ടെത്താനായിട്ടില്ലെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഒരു സാക്ഷി മൊഴിയാണ് ആശ്രയിക്കുന്നതെങ്കില്‍ സാക്ഷിയുടെ നേരത്തെയുള്ള വിരുദ്ധ മൊഴികളും പരിഗണിക്കണമെന്ന് സിങ്‌വി കൂട്ടിച്ചേര്‍ത്തു.

ഈമാസം ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാൾ നിലവില്‍ തിഹാര്‍ ജയിലിലാണ്.

Tags:    
News Summary - Supreme Court says it may consider interim bail for Kejriwal considering polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.