16-18 വയസ്സുകാരുടെ പരസ്പരസമ്മത ലൈംഗികബന്ധം കുറ്റകരമല്ലാതാക്കൽ; കേന്ദ്രത്തിന്‍റെ നിലപാട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: 16നും 18നും ഇടയിലുള്ളവർ പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഭിഭാഷകനായ ഹർഷ് വിഭോർ സിംഘാൽ ആണ് ഹരജി നൽകിയത്.

കേന്ദ്ര നിയമമന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയത്തിനും വനിതാ കമീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കുമാണ് വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയത്.

നിലവിലെ നിയമപ്രകാരം 18 വയസിൽ താഴെയുള്ള വ്യക്തിയുമായി സമ്മതപ്രകാരമാണെങ്കിൽ പോലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമാണ്. 16നും 18നും ഇടയിലുള്ളവരുമായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേർപ്പെട്ടതിന്, 18 പൂർത്തിയായ ആൺകുട്ടികൾ നിരവധിപേർ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാപരമായി സാധൂകരിക്കാവുന്നതല്ലെന്നും നിയമത്തിലെ ഈയൊരു ശൂന്യമായ ഭാഗം നികത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

16നും 18നും ഇടയിലുള്ളവർക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങൾ മനസ്സിലാക്കാനും സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യപൂർവം സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങൾ അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court seeks Centre's reply on plea to decriminalize consensual sex at 16-18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.