ന്യൂഡൽഹി: ബലിപെരുന്നാളിന് മുന്നോടിയായി മൂന്നു ദിവസം വിപണി തുറക്കാൻ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കേരളത്തോട് ചോദിച്ചു. കേരളത്തിൽ പെരുന്നാൾ ഇളവുകൾ വിദഗ്ധരുമായും പ്രതിപക്ഷവുമായും ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കേരള സർക്കാർ ഇതിനു മറുപടി നൽകി. ഉത്തർപ്രദേശിൽ യോഗി സർക്കാർ കൻവർ യാത്രക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കേരളത്തിൽ ബലിപെരുന്നാളിന് നൽകിയ ഇളവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പി.കെ.ഡി. നമ്പ്യാർ എന്നയാൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. കൻവർ യാത്രക്ക് ഇക്കൊല്ലം പൂർണാർഥത്തിൽ അനുമതിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. അനുമതിയില്ലാതെ ആരെങ്കിലും യാത്ര നടത്തിയാൽ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ ഇത്തരം നടപടികളിലൂടെ ജനങ്ങളുടെ ജീവിതംകൊണ്ട് കേരള സർക്കാർ കളിക്കുകയാണെന്ന് നമ്പ്യാർ ഹരജിയിൽ ബോധിപ്പിച്ചു. ബലിപെരുന്നാളിന് 18,19, 20 തീയതികളിൽ കടകൾ തുറക്കാൻ അനുവദിച്ചു. നിർണായകമായ ഒരു ഘട്ടത്തിൽ പൗരന്മാരുടെ ജീവനും ആരോഗ്യവും ബലികഴിക്കുകയാണ്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള നീക്കമാണിത്. പൗരന്മാരുടെ മൗലികാവകാശത്തിന്മേൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടായിക്കൂടെന്നും നമ്പ്യാർ ബോധിപ്പിച്ചു. രാഷ്ട്രീയവും വർഗീയവുമായ കാരണങ്ങളാലാണ് കേരള സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നമ്പ്യാർക്കുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് ആരോപിച്ചു.
എന്നാൽ, ഇൗ വാദം നിഷേധിച്ച കേരള സർക്കാർ, വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയുെട അടിസ്ഥാനത്തിൽ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുവദിച്ചതെന്ന് ബോധിപ്പിച്ചു. കൂടിയാലോചനകൾക്ക് ശേഷമാണ് പെരുന്നാൾ ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്നും വൈകീട്ട് കേരളം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കും എന്നും ടി.പി.ആർ കുറച്ചുകൊണ്ടുവരാൻ േകരളം ശ്രമം തുടരുകയാണെന്നും മറുപടിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.