സുപ്രീംകോടതി (ANI Photo)

നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും നോട്ടീസയച്ച് സുപ്രീംകോടതി. ജൂലൈ എട്ടിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജികൾ വീണ്ടും ജൂലൈ എട്ടിന് പരിഗണിക്കും. 

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.


നീറ്റ് കൗൺസലിങ് തടയണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും എൻ.ടി.എയെ കോടതി രൂക്ഷമായി വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ ഹരജികളും ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 

മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമ്മതിച്ചിരുന്നു. 

Tags:    
News Summary - Supreme Court sent notice to Center and NTA in NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.