ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് വിട്ടയച്ച സുപ്രീംകോടതി വിധിയാണ് ബാക്കി ആറു പ്രതികളുടെയും ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്. എസ്. നളിനി, ജയകുമാർ, ആർ.പി. രവിചന്ദ്രൻ, റോബർട്ട് പയസ്, സുതേന്ദ്രരാജ, ശ്രീഹരൻ എന്നിവരാണ് വിട്ടയക്കപ്പെട്ടവർ.
പേരറിവാളന്റെ മോചനത്തിനുള്ള മാനദണ്ഡങ്ങൾ ഇവർക്കും ബാധകമാണെന്ന് സുപ്രീംകോടതി ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പേരറിവാളന് അനുകൂലമായ ഉത്തരവിന്റെ ചുവടുപിടിച്ച് നളിനി ഉൾപ്പെടെ മറ്റു പ്രതികൾ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തുകയായിരുന്നു. മൂന്ന് ദശാബ്ദത്തിലേറെ തടവുശിക്ഷ അനുഭവിച്ചനിലയിൽ ഇവർക്കും കോടതി മാനുഷിക പരിഗണന നൽകി.
പേരറിവാളന്റെ ജയിൽമോചനത്തിന് അദ്ദേഹത്തിന്റെ മാതാവ് അർപുതമ്മാളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയത്.
1991 മേയ് 21നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽവെച്ച് മനുഷ്യബോംബാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽ.ടി.ടി.ഇ പ്രവർത്തകരായ 26 പ്രതികളെ 'ടാഡ കോടതി' വധശിക്ഷക്ക് വിധിച്ചു. 1999ൽ സുപ്രീംകോടതി ഏഴുപേരെ ശിക്ഷിച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. 19 പ്രതികളെ വിട്ടയച്ചു.
2014 ഫെബ്രുവരി 18ന് ശാന്തൻ, പേരറിവാളൻ, മുരുകൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി.
പിന്നീട് സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ 2000 ഏപ്രിലിൽ തമിഴ്നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു. ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.
ആദ്യം ആവശ്യപ്പെട്ടത് ജയലളിത സർക്കാർ
ചെന്നൈ: 2014ൽ അന്നത്തെ ജയലളിത സർക്കാറാണ് ആദ്യമായി മാനുഷിക പരിഗണന നൽകി രാജീവ് വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാൻ തത്ത്വത്തിൽ തീരുമാനിച്ചത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ സംസ്ഥാന സർക്കാറിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രം വാദിച്ചു. ക്രിമിനൽ നടപടിക്രമത്തിെൻറ 454ാം വകുപ്പുപ്രകാരം തമിഴ്നാട് സർക്കാറിെൻറ നിർദേശം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
പിന്നീട് ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം തമിഴ്നാട് സർക്കാറിെൻറ ശിപാർശയിന്മേൽ ഗവർണർക്ക് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് 2018 സെപ്റ്റംബറിൽ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന തമിഴ്നാട് മന്ത്രിസഭ യോഗതീരുമാനം ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. എന്നാൽ ഗവർണർ ഇതിന്മേൽ നടപടിയെടുക്കാതെ കാലതാമസം വരുത്തുകയും പിന്നീട് ഫയൽ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.