യു.എ.പി.എ കേസുകളിലും ജാമ്യം നൽകണമെന്ന് സുപ്രീംകോടതി; അർഹമായ കേസുകളിൽ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനം

ന്യൂഡൽഹി: യു.എ.പി.എ പോലുള്ള ഗുരുതര കുറ്റം ചുമത്തി അറസ്റ്റിലായവർക്കും ചട്ടം പരിശോധിച്ച് ആവശ്യമെങ്കിൽ കോടതികൾ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി. അർഹമായ കേസുകളിൽ പോലും ജാമ്യം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വീടിന്റെ മുകൾനില വാടകക്ക് നൽകിയതിന് യു.എ.പി.എ അടക്കം ചുമത്തി അറസ്റ്റിലായ ബിഹാറിലെ പട്ന സ്വദേശി ജലാലുദ്ദീൻ ഖാന് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതിയുടെ പരാമർശം. പ്രത്യേക എൻ.ഐ.എ കോടതിയും ബിഹാർ ൈഹകോടതിയും ജലാലുദ്ദീൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു.

പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ഗുരുതരമാകാമെങ്കിലും ചട്ടങ്ങൾ പരിശോധിച്ച് ജാമ്യം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണ്. ‘ജാമ്യമാണ് ചട്ടം, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ജയിൽ’ എന്ന തത്ത്വം മുറുകെ പിടിച്ചാകണം കോടതികൾ പ്രവർത്തിക്കേണ്ടത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ജാമ്യത്തിന് അർഹതയുള്ളതാണെങ്കിൽ നൽകുക തന്നെ വേണം. ജാമ്യം അനുവദിക്കാതിരുന്നാൽ ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശ ലംഘനമായി മാറുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കായി റിട്ട. പൊലീസ് കോൺസ്റ്റബിളായ ജലാലുദ്ദീൻ ഖാന്റെ വീടിന്റെ മുകൾനിലയിൽ പോപുലർ ഫ്രണ്ട് അംഗങ്ങൾ യോഗം ചേർന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, തനിക്ക് സംഘടനയുമായി ബന്ധമില്ലെന്നും വീടിന്റെ മുകൾനില വാടകക്ക് നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമായിരുന്നു ജലാലുദ്ദീൻ ഖാന്റെ വാദം. ജലാലുദ്ദീൻ ഖാൻ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്നതിനോ ഗൂഢാലോചനയിൽ പങ്കാളിയായി എന്നതിനോ കുറ്റപത്രത്തിൽ തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. അദ്ദേഹം ഏതെങ്കിലും ഭീകര സംഘടനയിൽ അംഗമാണെന്നതും തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകാൻ ഉത്തരവിട്ടത്. 

Tags:    
News Summary - Supreme Court to grant bail in UAPA cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.