മനീഷ് സിസോദിയ

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. സിസോദിയയുടെ ജാമ്യ ഹരജി കഴിഞ്ഞയാഴ്ച ഡൽഹി ഹൈകോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന ഇ.ഡി വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതിനു പിന്നാലെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റു ചെയ്തത്. തൊട്ടടുത്ത മാസം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നേടിയ കെജ്രിവാൾ ഞായറാഴ്ച തിഹാർ ജയിലിൽ തിരിച്ചെത്തി.

2021ൽ ഡൽഹി സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ വ്യാപക ക്രമക്കേട് നടന്നതായാണ് കേസ്. ഏതാനും വ്യവസായികൾക്കു മാത്രം ലൈസൻസ് ലഭിക്കത്തക്ക വിധത്തിൽ മദ്യനയം രൂപപ്പെടുത്താൻ എ.എ.പി സർക്കാറിലെ ഉന്നതർ കൈക്കൂലി സ്വീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വിവാദമുയർന്നതിനു പിന്നാലെ തൊട്ടടുത്ത വർഷം മദ്യനയം പിൻവലിച്ചെങ്കിലും കേസിൽ അന്വേഷണം തുടരുകയാണ്. 

Tags:    
News Summary - Supreme Court To Hear Manish Sisodia's Bail Petition In Delhi Liquor Policy Case On Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.