ന്യൂഡൽഹി: കേരളത്തിലെ ജയിലുകളിൽ നിന്ന് പരോളിലോ ഇടക്കാല ജാമ്യത്തിലോ വിട്ട തടവുകാർ ഉടനടി തിരിച്ചെത്തണമെന്ന് നിർബന്ധിക്കാതെ, കോവിഡ് പെരുപ്പം കണക്കിലെടുത്ത് കൂടുതൽ പേരെ തൽക്കാലം വീടുകളിൽ പോകാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി.
കാലാവധി അവസാനിച്ച തടവുകാരെ തിരിച്ചെത്താൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, താൽക്കാലിമായി ജയിൽ മോചിതരായ ചിലർ നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തിൽ പ്രതിദിനം 55,000ൽപരം പേർക്ക് പുതുതായി കോവിഡ് ബാധിക്കുന്നതിനിടയിൽ ജയിലിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായി എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേരളത്തിന്‍റെ അഭിഭാഷകൻ പി.വി സുരേന്ദ്രനാഥിനോട് ചോദിച്ചു.
കോവിഡ് വ്യാപനം ഉണ്ടായതിനു പിന്നാലെ 2020 മാർച്ചിൽ ജയിലിലെ ആൾപ്പെരുപ്പ പ്രശ്നത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാനങ്ങളിൽ ഉന്നതാധികാര സമിതി രൂപവൽക്കരിച്ച് തടവുകാരെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കുകയും ചെയ്തു. അതനുസരിച്ച് നിരവധി പേരെ പരോളിൽ വിട്ടു. കോവിഡ് കാലത്തെ ജയിൽ സാഹചര്യങ്ങൾ മുൻനിർത്തി, കീഴടങ്ങാനുള്ള കാലാവധി പല തവണ നീട്ടി. അതിനിടയിൽ കുറെ പേർ ജയിലിലെത്തി കീഴടങ്ങി. മറ്റുള്ളവരുടെ കാര്യത്തിൽ ജയിൽ അധികൃതർ നിർബന്ധം തുടരുന്നുവെന്നാണ് പരാതി.
കോടതി ഉത്തരവു പ്രകാരം വിട്ടയച്ചവരെയും ചട്ടപ്രകാരം സംസ്ഥാന സർക്കാർ പരോൾ നൽകി വിട്ടവരെയും ഒരുപോലെ പരിഗണിക്കാൻ കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.