മുംബൈ: മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സാങ്കേതികമായി ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി സഖ്യ സർക്കാറിന് ഭീഷണിയാകുന്നില്ലെങ്കിലും ധാർമികമായ നേട്ടം ശിവസേന (യു.ബി.ടി), എൻ.സി.പി, കോൺഗ്രസ് സഖ്യത്തിന്. ഗവർണർ, സ്പീക്കർ എന്നിവർക്കെതിരെ മഹാ വികാസ് അഗാഡി സഖ്യം പ്രകടിപ്പിച്ച സംശയങ്ങൾ കോടതി ശരിവെച്ചിട്ടുണ്ട്. ഭരണഘടന പദവി മറന്ന് അന്നത്തെ ഗവർണർ ഭഗത് സിങ് കോശിയാരി രാഷ്ട്രീയച്ചായ്വോടെ പ്രവർത്തിച്ചതും ശിവസേന ഔദ്യോഗിക പക്ഷത്തിന്റെ ചീഫ്വിപ്പിനെ വിമതർ മാറ്റിയത് സ്പീക്കർ രാഹുൽ നർവേക്കർ അംഗീകരിച്ചതും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്.
ഉദ്ധവ് താക്കറെ വിശ്വാസ വോട്ടിന് നിൽക്കാതെ മുഖ്യമന്ത്രി പദം സ്വമേധയാ രാജിവെച്ചതിനാൽ സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ധാർമിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് രാജിവെച്ചതെന്നാണ് ഇതിനോട് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ഇതെല്ലാം ധാർമികമായി ഉദ്ധവിനെയും അഗാഡി സഖ്യത്തെയും തുണക്കുമെന്നാണ് നിരീക്ഷണം. സഖ്യത്തിന് വിധി കൂടുതൽ ശക്തിപകരുമെന്നും കരുതുന്നു. അതേസമയം, നിലവിൽ സർക്കാറിന് ഭീഷണിയില്ലെങ്കിലും ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കുമോ എന്ന് ഉറ്റുനോക്കപ്പെടുന്നു.
തർക്കത്തിലെ കാതലായ, 16 വിമത എം.എൽ.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം വിശാല ബെഞ്ചിന് വിട്ടെങ്കിലും നിലവിലെ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ബി.ജെ.പിയുടെ രാഹുൽ നർവേക്കറാണ് നിലവിലെ സ്പീക്കർ. അദ്ദേഹം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള 16 ശിവസേന വിമതരെ അയോഗ്യരാക്കിയാലും ബി.ജെ.പി സഖ്യ സർക്കാർ തന്നെയാണ് തിരിച്ചുവരുക. അംഗബലം അപ്പോഴും അവർക്ക് അനുകൂലമാകും. അങ്ങനെ വന്നാൽ ഷിൻഡെക്ക് പകരം ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തും.
താൻ മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തുമെന്ന് ഫഡ്നാവിസ് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി യോഗങ്ങളിൽ സൂചിപ്പിച്ചിരുന്നു. ഒരു വർഷത്തിനകം അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരും. 2002 ജൂണിലാണ് ഏക്നാഥ് ഷിൻഡെ വിമതനീക്കം നടത്തി ഉദ്ധവ് താക്കറെ നയിച്ച സർക്കാറിനെ അട്ടിമറിച്ചത്. തുടർന്ന് ബി.ജെ.പി പിന്തുണയിൽ മുഖ്യമന്ത്രിയാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.