തെരഞ്ഞടുപ്പ് കമീഷണറായി അരുൺ ഗോയലിന്‍റെ നിയമനം; ഫയലുകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നിർദേശം

ന്യൂഡൽഹി: അരുൺ ഗോയലിനെ തെരഞ്ഞടുപ്പ് കമീഷണറായി നിയമിച്ചതിന്‍റെ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രിം കോടതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ, തെരഞ്ഞെടുപ്പ് കമീഷണർ എന്നിവരുടെ നിയമന സംവിധാനത്തിന്‍റെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് നിർദേശം നൽകിയത്.

നിയമനഫയലുകൾ വ്യാഴാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. നിയമനം നടന്നത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കാനാണ് ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അരുൺ ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. വ്യാഴാഴ്ച വരെ സെക്രട്ടറി തലത്തിലുള്ള ജോലി ചെയ്ത അരുൺ ഗോയലിന് അടുത്തദിവസം സ്വയം വിരമിക്കാൻ അനുമതി നൽകുകയും ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുകയുമായിരുന്നെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ചയാണ് അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി കേന്ദ്രസർക്കാർ നിയമിച്ചത്. പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗിക പദവികളിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിറ്റേദിവസം തന്നെ കേന്ദ്രസർക്കാർ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. തുടർന്ന് നിയമനം ശരിയായ രീതിയിലല്ല നടന്ന ആരോപണവും ശക്തമായിരുന്നു. 

Tags:    
News Summary - Supreme Court Wants Files On Election Commissioner Arun Goel's Appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.