ന്യൂഡൽഹി: രണ്ട് ജഡ്ജിമാരുടെ നിയമനത്തിൽ ഇതുവരെ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ ഇനിയും മൗനം തുടർന്നാൽ ചരിത്രം മാപ്പ് തരില്ല എന്ന മുന്നറിയിപ്പുമായി ജസ്റ്റിസ് കുര്യൻ ജോസഫ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്തിലാണ് കുര്യൻ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് സുപ്രീംകോടതിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകയായ ഇന്ദു മൽഹോത്ര, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്തിക്കൊണ്ട് കൊളീജിയം തീരുമാനം എടുത്തിരുന്നു. കൊളീജിയം ശിപാർശ ചെയ്തതിന് ശേഷം മൂന്ന് മാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടി എടുക്കാത്തതാണ് കുര്യൻ ജോസഫിനെ കത്തെഴുതാൻ പ്രേരിപ്പിച്ചത്. സുപ്രീംകോടതി തീരുമാനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നു എന്ന വിമർശനമാണ് കുര്യൻ ജോസഫ് മുന്നോട്ടുവെക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ശിപാർശ ചെയ്ത കാര്യത്തെക്കുറിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷവും എന്താണെന്ന് സംഭവിക്കുന്നത് എന്നറിയാത്ത സ്ഥിതിയുണ്ടാകുന്നത്. വൈകിപ്പിക്കുന്ന നിയമനങ്ങളിൽ തീരുമാനമുണ്ടാക്കുവാൻ ഏഴംഗ ബെഞ്ചിനെ നിയമിക്കണമെന്നും കുര്യൻ ജോസഫ് കത്തിൽ ആവശ്യപ്പെടുന്നു.
സ്വാഭാവിക പ്രസവം നടന്നില്ലെങ്കിൽ പിന്നെ സിസേറിയൻ മാത്രമാണ് മാർഗം. ഇല്ലെങ്കിൽ ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞ് മരിച്ചുപോകുമെന്നും ജസ്റ്റിസ് ഓർമപ്പെടുത്തുന്നു.
ജഡ്ജിമാരുടെ നിയമനകാര്യം സംബന്ധിച്ച് കൊളീജിയത്തെ മറികടന്ന് നിയമന്ത്രാലയം കർണാടക ഹൈകോടതിക്ക് നേരിട്ട് കത്തയച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് ജെ.ചെലമേശ്വർ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.