നിലേഷ് കുംഭാണി

സൂറത്തിലെ 'കോൺഗ്രസ് സ്ഥാനാർഥി'യെ കാണാനില്ല; ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് മുമ്പേ എതിരാളികളില്ലാതെ ബി.ജെ.പി നാടകീയ ജയം നേടിയ ഗുജറാത്തിലെ സൂറത്തിൽ പത്രിക തള്ളപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയെ കാണാനില്ല. ഇയാൾ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുംഭാണിയുടെ പത്രിക തള്ളിയത് ബി.ജെ.പിയുമായുള്ള ഒത്തുകളിയിലാണെന്ന വിവരം പുറത്തുവന്നിരുന്നു.

കോൺഗ്രസ് പ്രവർത്തകർ നിലേഷ് കുംഭാണിയുടെ വീട്ടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കുംഭാണിയെ കാണാനില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും പ്രവർത്തകർ പറയുന്നു.

എതിരാളികളെ മത്സര രംഗത്തില്ലാതാക്കി വോട്ടെടുപ്പില്ലാതെ തെരഞ്ഞെടുപ്പ് ജയിക്കുന്ന ബി.ജെ.പിയുടെ ‘സൂറത്ത് മോഡൽ’ നടപ്പാക്കി കൊടുത്തത് കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയാണെന്ന വിവരം പുറത്തുവന്നിരുന്നു.

സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക ഞായറാഴ്ച തള്ളിയിരുന്നു. നാമനിർദേശ പത്രികയിൽ ഒപ്പ് വെച്ചവരെ ഹാജരാക്കാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു ഇത്. കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയുടെയും പത്രിക ഇതേപോലെ തള്ളപ്പെട്ടു. പിന്നാലെ ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥിയും പത്രിക പിൻവലിച്ചു. ഇതോടെ, മത്സരത്തിൽ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയം ഉറപ്പിക്കുകയായിരുന്നു.

കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണി തുടക്കം തൊട്ട് ബി.ജെ.പി ഓപറേഷനിൽ പങ്കാളിയാണെന്നാണ് വിവരം. നാമനിർദേശ പത്രികയിൽ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പകരം സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ഇയാൾ ചാർത്തിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ബന്ധുവായ ജഗ്ദിയാ സവാലിയാ, ബിസിനസ് പങ്കാളികളായ ധ്രുവിൻ ധാമേലിയ, രമേശ് പോൽറാ എന്നിവരെ നാമനിർദേശം ചെയ്യുന്നവരായും പിന്തുണക്കുന്നവരായും പത്രികയിൽ ഒപ്പു വെപ്പിച്ചത് നിലേഷ് കുംഭാണിയാണ്. ഇവർ വെച്ച ഒപ്പുകൾ വ്യാജവുമായിരുന്നു. ഇത് കൂടാതെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായി സുരേഷ് പഡ്സാലയുടെ നാമനിർദേശ പത്രികാ സമർപ്പണവും നിലേഷ് കുംഭാണി ഏറ്റെടുത്തു.

മറ്റൊരു ബന്ധുവായ ഭൗതിക് കോൽഡിയായെ കൊണ്ട് ഡമ്മി സ്ഥാനാർഥിയുടെ പത്രികയിലും വ്യാജ ഒപ്പുവെപ്പിച്ചു. വ്യാജ ഒപ്പുവെച്ച ബന്ധുക്കളെയും സ്വന്തക്കാരെയും പത്രികാ സമർപ്പണ സമയത്ത് റിട്ടേണിങ് ഓഫിസർക്ക് മുന്നിൽ കോൺഗ്രസ് സ്ഥാനാർഥി ഹാജരാക്കിയതുമില്ല. പത്രികാ സമർപ്പിച്ച് നിലേഷ് അപ്രത്യക്ഷനാകുകയും ചെയ്തു. ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന കളി ലക്ഷ്യം കാണുന്നത് വരെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും നിലേഷ് കുംഭാണി ഇരുട്ടിൽ നിർത്തുകയായിരുന്നു. 

Tags:    
News Summary - Surat Congress leader may join BJP which won seat in walkover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.