റായ്പൂർ: കാലിൽ വെടിയുണ്ട തറച്ച്, കൈയിലെ മുറിവിന് കെട്ടുമായി ബിജാപൂർ ജില്ലാ ആശുപത്രിയിൽ കിടക്കുന്ന ജവാന് എല്ലാം ഉറപ്പ്- ശനിയാഴ്ച മാവോവാദികൾ വിരിച്ച വലയിലേക്ക് നടന്നുചെല്ലുകയായിരുന്നു സൈനികർ. ''എത്താൻ ആവശ്യപ്പെട്ട സ്ഥലത്തെത്തുേമ്പാൾ പ്രാഥമിക കാഴ്ചയിൽ ഒന്നുമുണ്ടായിരുന്നില്ല. കാത്തിരുന്ന് അവസാനം ആരുമില്ലെന്ന് ഉറപ്പാക്കി മടങ്ങുന്നതിനിടെയായിരുന്നു പതിയിരുന്നുള്ള ആക്രമണം''.
ഛത്തീസ്ഗഢിലെ ബിജാപൂർ വനങ്ങളിലുണ്ടായ നക്സൽ ആക്രമണത്തിൽ രക്തസാക്ഷിത്വം പുൽകിയ സുരക്ഷ സൈനികർക്കായി തിരച്ചിൽ തുടരുേമ്പാൾ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്തെന്ന ചോദ്യം ബാക്കി. െവടിയേൽക്കാതെ ഒളിച്ചുനിൽക്കാൻ പോലുമാകാത്ത മേഖല തെരഞ്ഞുപിടിച്ച് 400 ഓളം മാവോവാദികൾ മൂന്നുവശത്തുനിന്നും സുരക്ഷ സൈനികരെ വളയുകയായിരുന്നു. യന്ത്രത്തോക്കുകൾക്ക് പുറമെ സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം കനപ്പിച്ചതോടെ ജവാൻമാർ ഒരു നിമിഷം പകച്ചുപോയത് ആളപായം കൂട്ടി.
ആദ്യമേ എല്ലാം നിശ്ചയിച്ചുറപ്പിച്ചായിരുന്നു മാവോവാദികളുടെ നീക്കം. പരിസരത്തെ രണ്ടു ഗ്രാമങ്ങളിൽ ഒരാൾ പോലും ഇല്ലാതെ എല്ലാവരെയും നേരത്തെ ഒഴിപ്പിച്ചിരുന്നു. അപ്പോഴേ അപകടം മനസ്സിലാക്കാമായിരുന്നുവെന്ന് സൈനികർ പറയുന്നു. പക്ഷേ, അതുണ്ടായില്ല. ഒന്നും സംഭവിക്കാതെ അപായമൊഴിവായെന്ന ആത്മവിശ്വാസത്തിൽ ഒട്ടും ഒരുക്കങ്ങളില്ലാതെ മടങ്ങുന്നതിനിടെയായിരുന്നു ചുറ്റുനിന്നും കൂട്ടമായി മാവോവാദികൾ ആയുധങ്ങളണിഞ്ഞ് ഒഴുകിയത്. ഇടതൂർന്ന മരങ്ങളായതിനാൽ കാണാൻ പോലുമായില്ലെന്ന് സൈനികർ ഓർക്കുന്നു.
ടാറെം ക്യാമ്പിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള തെകുലുഗുദാമിലാണ് ആദ്യം വെടിവെപ്പുണ്ടായത്. സുരക്ഷ സൈനികർ പരിസരത്തെ വീടുകളിൽ അഭയം തേടാൻ ശ്രമിച്ചെങ്കിലും ബുള്ളറ്റുകളും ഗ്രനേഡുകളുമായിരുന്നു അവരെ സ്വാഗതം ചെയ്തത്. ഇതോടെ, പിന്തിരിഞ്ഞ് മലനിരകൾ വിട്ട് താഴ്വരകളിലേക്ക് എത്തിയതോടെ അപകടം കൂടി. ഏഴു മൃതദേഹങ്ങളാണ് ഇവിടെനിന്നു മാത്രം കണ്ടുകിട്ടിയത്.
പതിയിരുന്നുള്ള നീക്കത്തിൽ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ വന്നത് വെല്ലുവിളിയായെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു.
സുക്മയിൽനിന്ന് രണ്ടും ബിജാപൂരിലെ മൂന്നു ക്യാമ്പിൽനിന്ന് അവശേഷിച്ചവരുമായി മൊത്തം 10 സംഘങ്ങളാണ് പുറപ്പെട്ടിരുന്നത്. ബിജാപൂരിൽനിന്നുള്ള സംഘം ഏപ്രിൽ രണ്ടിനു തന്നെ പുറപ്പെട്ടിരുന്നു. അലിപുഡ, ജൊനഗുഡ എന്നിവിടങ്ങൾ വരെ നീങ്ങാനായിരുന്നു ഇവർക്ക് നിർദേശം. ഇവർക്കാണ് കാര്യമായി അടികിട്ടിയതും.
ഏറ്റവും കൂടുതൽ പേർ മരിച്ചത് സി.ആർ.പി.എഫ്, ഡി.ആർ.ജി എന്നിവയിൽനിന്നാണ്- എട്ടു പേർ. ഏഴ് കോബ്ര കമാൻഡർമാരും ഒരു ബസ്തരിയ ബറ്റാലിയൻ ഉദ്യോഗസ്ഥനും രക്തസാക്ഷികളായപ്പോൾ സ്പെഷൽ ടാസ്ക് ഫോഴ്സിൽനിന്നാണ് അവശേഷിച്ചവർ. ഒരു സി.ആർ.പി.എഫ് ഇൻസ്പെക്ടറെ കാണാതായിട്ടുമുണ്ട്. 10-12 മാവോവാദികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. 31 സുരക്ഷ സൈനികർക്ക് പരിക്കറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഹെലികോപ്റ്ററുകൾ എത്തിയിരുന്നുവെങ്കിലും വെടിവെപ്പ് അവസാനിച്ച് മാവോവാദികൾ പിൻവലിഞ്ഞ ശേഷമാണ് അവക്ക് നിലത്തിറങ്ങാനായത്.
മരങ്ങളുടെ സാന്നിധ്യം കുറവാണെങ്കിലും ഉള്ളവ മറയാക്കി വെടിയുണ്ടകൾ തീരുംവരെ പ്രത്യാക്രമണം നടന്നതിന് പരിസരത്തെ മരങ്ങൾ സാക്ഷി. ആക്രമണത്തിനിടെ കൊല്ലപ്പെട്ട സുരക്ഷ സൈനികരുടെ അത്യാധുനിക തോക്കുകളും മാവോവാദികൾ കൊള്ളയടിച്ചിട്ടുണ്ട്.
ഏറെ അപകടകാരയായ ഒരു നക്സൽ കമാൻഡർ മഡ്വി ഹിദ്മ പ്രദേശത്ത് തമ്പടിച്ചതായി രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈനിക നീക്കം. അഞ്ചു വ്യത്യസ്ത മേഖലകളിൽ തമ്പടിച്ച 2,000 ഓളം സൈനികരാണ് നീക്കത്തിൽ പങ്കാളികളായത്.ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ വിവിധ യൂനിറ്റുകളിൽനിന്ന് പുറപ്പെട്ട് ജുനഗഡയിൽ സംഗമിച്ച സംഘത്തെ നക്സലുകൾ രാവിലെ 10 മണിയോടെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഉച്ചക്കു ശേഷവും വെടിവെപ്പ് തുടർന്നു. ആദ്യ ദിവസം അഞ്ചു മൃതദേഹങ്ങളും ഞായറാഴ്ച അവശേഷിച്ച 17ഉം കണ്ടെടുത്തു.
മാവോവാദി സാന്നിധ്യം വലിയ തലവേദന സൃഷ്ടിക്കുന്ന ബസ്തർ മേഖലയിൽ പുതുതായി അഞ്ച് യൂനിറ്റ് സുരക്ഷ സൈനികരെ വിന്യസിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.ആർ.പി.എഫ് മേധാവി പറഞ്ഞു.
40 ലക്ഷം രുപ തലക്ക് വിലയിട്ട് മാവോവാദി നേതാവാണ് ഹിദ്മ. സുക്മ- ബിജാപൂർ മേഖലയിലെ മാവോവാദി ബറ്റാലിയൻ നേതൃത്വവും ഇയാൾക്കാണ്. 2013ൽ 25 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിനു പിന്നിലും ഹിദ്മയാണെന്നാണ് കരുതുന്നത്.
ദണ്ഡേവാഡയിൽ പൊലീസ് സ്ഥാപിച്ച റസീവർ വഴി മാവോ വാദികൾക്കിടയിലെ വാർത്ത വിനിമയം ചോർത്തിയാണ് രഹസ്യ വിവരങ്ങൾ സുരക്ഷ സേന സംഘടിപ്പിക്കുന്നത്. എന്നാൽ, ഇത് തിരിച്ചറിഞ്ഞ് കൃത്രിമമായി വിവരങ്ങൾ പങ്കുവെച്ച് സൈനികരെ കുരുക്കുന്നതിന്‍റെ ഏറ്റവുമൊടുവിലെ തെളിവാണിതെന്ന് സുരക്ഷ സേന തന്നെ സംശയിക്കുന്നു.
സമീപകാലത്തെ ഏറ്റവുംവലിയ നക്സൽ ആക്രമണം നടന്നത് 2010ലാണ്. ദേണ്ഡവാഡയിലെ ചിന്തയ്നറിൽ 76 സുരക്ഷ ഉദ്യോഗസ്ഥരാണ് അന്ന് മാവോവാദി ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചത്. കോൺഗ്രസ് നേതാവ് വി.സി ശുക്ല ഉൾപെടെ കൊല്ലപ്പെട്ടതും ഇതേ മേഖലയിലാണ്. ദണ്ഡേവാഡ- സുക്മ- ബിജാപൂർ അച്ചുതണ്ട് കേന്ദ്രീകരിച്ച് ഇപ്പോഴും സജീവമായ മാവോവാദികളുടെ ആക്രമണത്തിൽ 2010 മുതൽ 175 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണങ്ങളിലേറെയും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെയുള്ള സമയത്താകും.
വിദൂരതയും കൊടുംവനവും ഭരണത്തിന് എത്തിപ്പിടിക്കാൻ ഇനിയും സാധ്യമാകാത്തതുമുൾപെടെ പ്രശ്നങ്ങളാണ് ബസ്തർ മേഖല ഇപ്പോഴും മാവോവാദി നേതൃത്വത്തിൽ നിലനിർത്തുന്നത്. നല്ല റോഡുകൾ പ്രദേശത്ത് എവിടെയുമില്ല. അതോടെ, മാവോവാദികളെ തേടിയെത്തുന്ന സുരക്ഷ ഉദ്യോഗസ്ഥർ ശരിക്കും ബലിയാടുകളായി മാറുക സ്വാഭാവികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.