സ്ഫോടന കേസിലെ പിടികിട്ടാപ്പുള്ളികള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍. 2009 വരെ എ.ടി.എസില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മെഹ്ബൂബ് മുനവ്വറിന്‍െറതാണ് വെളിപ്പെടുത്തല്‍. അഴിമതി, ആയുധ കേസുകള്‍ നേരിടുന്ന മെഹ്ബൂബ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തില്‍ പങ്കാളികളായ മറ്റ് എ.ടി.എസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോലാപുര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വെളിപ്പെടുത്തല്‍. അന്ന് മഹാരാഷ്ട്ര ഡി.ജി.പിയായ എസ്.എസ് വിര്‍കിക്ക് പരാതി നല്‍കിയതിന് പ്രതികാരമായാണ് കള്ളക്കേസ് എന്നും മെഹ്ബൂബ് ആരോപിച്ചു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവരുടെ മൃതദേഹങ്ങള്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെതെന്ന വ്യാജേന സംസ്കരിച്ചെന്ന് മെഹ്ബൂബ്  പറയുന്നു. 

സന്യാസിനി പ്രജ്ഞ സിങ് താക്കൂറിനെ അറസ്റ്റുചെയ്ത ദിവസമാണ് സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവരെയും കസ്റ്റഡിയില്‍ എടുത്തത്. ആദ്യം നാസിക്കില്‍ കൊണ്ടുപോയ ഇവരെ പിന്നീട് മുംബൈയിലത്തെിക്കുകയായിരുന്നു -മെഹ്ബൂബ് ആരോപിച്ചു.ഇവരുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേര് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് മെഹ്ബൂബ് പറഞ്ഞു. മാലേഗാവ് കേസിലെ സാക്ഷി ഇന്ദോറുകാരനായ ദിലീപ് പഡിദാറിനെ കാണാതായ സംഭവത്തില്‍ രണ്ട് എ.ടി.എസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. അഴിമതിവിരുദ്ധ പോരാളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നീരജ് ഗുന്ദെയുടെ ഉപദേശപ്രകാരമാണ് കോടതിക്ക് മുമ്പാകെയുള്ള വെളിപ്പെടുത്തലെന്ന് മെഹ്ബൂബ് പറഞ്ഞു.സുബ്രമണ്യന്‍ സ്വാമിയുടെ അഴിമതി ആരോപണ കേസുകള്‍ക്ക് പിന്നില്‍ താനാണെന്ന് ഇദ്ദേഹം മുമ്പ് അവകാശപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്ത ജഡങ്ങളില്‍ രണ്ടെണ്ണത്തിന് സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവരുമായി സാമ്യമുണ്ടെന്ന് നീരജ് ഗുന്ദെ അവകാശപ്പെട്ടു.

Tags:    
News Summary - Suspended ATS cop alleges two Malegaon blasts accused no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.