ന്യൂഡൽഹി: സൂറത്തിൽ നിന്നും സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കുകയും അയോഗ്യനാക്കപ്പെടുകയും ചെയ്ത കോൺഗ്രസ് നേതാവ് തിരിച്ചെത്തി. 20 ദിവസങ്ങൾക്ക് ശേഷമാണ് നിലേഷ് കുംഭാണിയുടെ തിരിച്ചുവരവ്. കോൺഗ്രസ് തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും എന്നാൽ പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്നും കുംഭാണി ആരോപിച്ചു.
" ഞാൻ വഞ്ചിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കാംരേജ് നിയമസഭാ സീറ്റ് അവസാന നിമിഷം നിഷേധിച്ച് 2017ൽ പാർട്ടിയാണ് എന്നെ ആദ്യമായി വഞ്ചിച്ചത്. കോൺഗ്രസ് ആണ് ആദ്യം തെറ്റ് ചെയ്തത്. ഞാനല്ല. സ്വന്തമായി പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് സൂറതിൽ പാർട്ടിയെ നയിക്കുന്നത്. എ.എ.പിയുടെ കോൺഗ്രസും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഞാൻ എ.എ.പിയുമായി ചേർന്ന് പ്രചരണത്തിനിറങ്ങിയപ്പോൾ ഇവർ എനിക്കെതിരെ തിരിഞ്ഞു." കുംഭാണി പറഞ്ഞു.
ഏപ്രിൽ 21നായിരുന്നു സ്ഥാനാർത്ഥിത്വം നിർദേശിച്ചവരുടെ ഒപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സൂറത്ത് ഇലക്ടറൽ ഓഫീസർ അദ്ദേഹത്തിൻ്റെ നാമനിർദേശ പത്രിക നിരസിച്ചത്. മറ്റ് സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതോടെ മണ്ഡലത്തിൽ ബി.ജെ.പിയുടെ മുകേഷ് ദലാൽ എതിരില്ലാതെ ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.