ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കായിക മന്ത്രാലയം നടപടിക്രമം പാലിച്ചില്ലെന്നും തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്നും ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ച മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയർന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാർതന്നെ ഫെഡറേഷന്റെ തലപ്പത്തെത്തിയതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കായികമന്ത്രാലയം ഫെഡറേഷനെ സസ്പെൻഡ് ചെയ്തതും ഒളിമ്പിക് അസോസിയേഷൻ പകരം അഡ്ഹോക് കമ്മിറ്റിയുണ്ടാക്കിയതും. വുഷു അസോസിയേഷൻ പ്രസിഡന്റ് ഭൂപീന്ദർ സിങ് ബജ്വ ചെയർമാനായ അഡ്ഹോക് കമ്മിറ്റിയിൽ മുൻ ഹോക്കി താരം എം.എം. സോമയ്യയും ബാഡ്മിൻറൺ താരം മഞ്ജുഷ കൻവാറുമാണ് അംഗങ്ങൾ. ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജയ് സിങ് മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായിയും കച്ചവടപങ്കാളിയുമാണ്.
സ്വയംഭരണ സംവിധാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയുമായ ഗുസ്തി ഫെഡറേഷന്റെ അഭിപ്രായം തേടാതെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീർ ഹൈകോടതിയിലെ റിട്ട. ചീഫ് ജസ്റ്റിസ് റിട്ടേണിങ് ഓഫിസറായ തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായി വിജയിച്ചതാണെന്നും 47ൽ 40 വോട്ടും തനിക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സസ്പെൻഡ് ചെയ്തു എന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. സ്വാഭാവിക നീതി ലഭിച്ചില്ല. സർക്കാറുമായി ചർച്ച നടത്തും. തിരിച്ചെടുക്കുന്നില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒളിമ്പിക് മെഡൽ ജേതാവ് ബജ്റങ് പുനിയയും വിനേഷ് ഫോഗട്ടും സാക്ഷി മാലികും രാഷ്ട്രീയം കളിക്കുകയാണെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി. കോൺഗ്രസും ‘ടൂൾ കിറ്റ് സംഘവും’ ഇടതു പാർട്ടികളുമാണ് അവർക്കു പിന്നിൽ. വ്യക്തിക്കുവേണ്ടിയല്ല, മുഴുവൻ സമൂഹത്തിനും അവകാശപ്പെട്ട പത്മശ്രീ ഒരു റോഡിൽ വെക്കേണ്ടതല്ലെന്നും സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു. ഗുസ്തി ഫെഡറേഷന്റെ വിലക്ക് പിൻവലിക്കാൻ അന്താരാഷ്ട്ര ഗുസ്തി സംഘടനയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂടിച്ചേർത്തു. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അഡ്ഹോക് കമ്മിറ്റി തലവൻ ഭൂപീന്ദർ സിങ് ബജ്വ പറഞ്ഞു. പാരിസ് ഒളിമ്പിക്സിൽ മെഡൽ സാധ്യതകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സീനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പുകൾ ഉടൻ നടത്തും. ഒളിമ്പിക്സിൽ പരമാവധി മെഡലുകൾ നേടുക എന്നതാണ് ലക്ഷ്യമെന്നും ബജ്വ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.