കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞാൽ തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന നന്ദിഗ്രാം എം.എൽ.എയും മുൻ മന്ത്രിയുമായ സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക്. ശനിയാഴ്ച ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽ സുേവന്ദു ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ബുധനാഴ്ച എം.എൽ.എ സ്ഥാനവും പാർട്ടിയിലെ മറ്റു പദവികളും അദ്ദേഹം രാജിവെച്ചിരുന്നു. സുവേന്ദുവിനൊപ്പം മറ്റ് രണ്ടു നേതാക്കന്മാരും പാർട്ടിവിട്ടിട്ടുണ്ട്.
സൗത്ത് ബംഗാൾ ട്രാൻസ്പോർട്ട് കോർപറേഷൻ ചെയർമാൻ റിട്ട. കേണൽ ദിപ്തങ്ഷു ചൗധരി, അസൻസോൾ മുനിസിപ്പൽ കോർപറേഷൻ ഭരണ ബോർഡ് ചെയർമാൻ ജിതേന്ദ്ര തിവാരി എന്നിവരാണ് രാജിവെച്ചത്. മറ്റു ചില എം.എൽ.എമാരും മന്ത്രിമാരും സുവേന്ദുവുമായി ചർച്ച നടത്തിയിട്ടുണ്ട്.
2011ൽ മമത ബാനർജിയെ മുഖ്യമന്ത്രിപദത്തിലേറാൻ സഹായിച്ച നന്ദിഗ്രാം സമരത്തിെൻറ മുഖമായി അറിയപ്പെടുന്ന വ്യക്തിയാണ് സുവേന്ദു. നന്ദിഗ്രാം ഉൾപ്പെടുന്ന പൂർബ മേദിനിപ്പൂർ ജില്ലയിലടക്കം വലിയ ജനപിന്തുണയുള്ള നേതാവുകൂടിയാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് മന്ത്രിപദം രാജിവെച്ചത്.
തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ, മമതയുടെ അടുത്ത ബന്ധുവും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജി എന്നിവർക്ക് പാർട്ടി തീരുമാനങ്ങളിൽ മേൽക്കൈ ലഭിക്കുന്നതിൽ അസംതൃപ്തനായാണ് സുേവന്ദു തൃണമൂൽ വിടുന്നതെന്നാണ് കരുതുന്നത്.
അതിനിടെ തെരഞ്ഞെടുപ്പടുത്ത ബംഗാളിൽ അധികാരം പിടിക്കാൻ യുദ്ധസമാന നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ബംഗാളിലെത്തും. മറ്റു കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്, സഞ്ജീവ് കുമാർ ബല്യാൻ, പ്രഹ്ലാദ് പട്ടേൽ, അർജുൻ മുണ്ട, മൻസുഖ് മാണ്ഡവ്യ എന്നിവരും ഷാക്കൊപ്പം തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.
ദ്വിദിന സന്ദർശനത്തിനിടെ മേദിനിപ്പുരിൽ സാധാരണ കർഷകെൻറ വീട്ടിലാണ് അമിത് ഷായുടെ ഉച്ചഭക്ഷണം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര എന്നിവർക്കും ബംഗാൾ ചുമതല നൽകിയിട്ടുണ്ട്. വടക്കൻ ബംഗാളിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് തന്നെ ഏൽപിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
ബംഗാളിനെ അഞ്ചു മേഖലകളായി തിരിച്ച് വോട്ടർമാരുടെ മനസ്സിലിരിപ്പ് അേന്വഷിച്ച് റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന ഭാരവാഹികളെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റ് പിടിച്ച ബി.ജെ.പി അടുത്ത നിയമസഭ തെരെഞ്ഞടുപ്പിൽ അധികാരത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നാണ് രാഷ്ട്രീയ നീക്കങ്ങളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം, സുവേന്ദു പാർട്ടിവിടുന്നത് തൃണമൂലിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് മുതിർന്ന പാർട്ടിനേതാവ് സുബ്രത മുഖർജി പറഞ്ഞു. 'ടി.എം.സി വലിയ പാർട്ടിയാണ്, ഒന്നോ രണ്ടോ നേതാക്കളെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. മമതയുടെ റാലികൾ കാണൂ, എത്ര വലിയ ജനക്കൂട്ടമാണ് ഇപ്പോഴും അതിനെത്തുന്നത്' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.