ന്യൂഡൽഹി: സ്വാമി അഗ്നിവേശിനെതിരെ സംഘ്പരിവാർ ഝാർഖണ്ഡിൽ നടത്തിയ ആക്രമണത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം. സി.പി.എമ്മിലെ രംഗരാജൻ രാജ്യസഭയിലുന്നയിച്ച വിഷയത്തിൽ ഇടപെട്ട ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പ്രധാനമന്ത്രിയുടെ പേര് പരാമർശിച്ചതോടെയാണ് ബഹളമായത്. അങ്ങേയറ്റം ഹീനമായ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ബജ്റങ്ദൾ പ്രവർത്തകർ അടക്കമുള്ള അക്രമികൾക്കെതിരെ കടുത്ത ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് രംഗരാജൻ ആവശ്യപ്പെട്ടു.
ഇൗ ആവശ്യത്തെ പിന്തുണച്ച സഞ്ജയ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടും സംഘ്പരിവാർ ആൾക്കൂട്ട ആക്രമണം അവസാനിപ്പിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം ഒരു കേന്ദ്രമന്ത്രി അതിനെ ന്യായീകരിച്ചും സ്വാമിയെ അവഹേളിച്ചും പ്രസ്താവനയിറക്കുകയാണ് ചെയ്തതെന്നും സിങ് വിമർശിച്ചു. ഇതോടെ എതിർപ്പുമായി എഴുന്നേറ്റ ബി.ജെ.പി അംഗങ്ങൾ ബഹളംവെച്ചു. പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞതോടെയാണ് അംഗങ്ങൾ ശാന്തമായത്.
അഗ്നിവേശിനെതിരായ ആക്രമണം ലജ്ജാകരം –രാംദേവ്
ഭോപാൽ: ഝാർഖണ്ഡിൽ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനെ ആക്രമിച്ച സംഭവം ലജ്ജാകരമാണെന്ന് യോഗാഗുരു ബാബ രാംദേവ്. ഏതൊരാൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ ജനാധിപത്യത്തിൽ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വതന്ത്ര്യം അഗ്നിവേശിനുമുണ്ട്. വിയോജിപ്പുകൾ ആകാം. പക്ഷേ, കൈയേറ്റവും ആക്രമണവും നടത്തുന്നത് ലജ്ജാവഹമാണ് -രാംദേവ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.