ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാശരീഫില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ സ്വാമി അസിമാനന്ദ അടക്കമുള്ള മുഖ്യ ആസൂത്രകരെ ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതി കുറ്റമുക്തരാക്കി.
സ്ഫോടനത്തിന്‍െറ ആസൂത്രണം ഏറ്റെടുത്ത് സ്വാമി അസിമാനന്ദ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിപോലും തള്ളിയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയുടെ വിധി. ഇവരുടെ ആസൂത്രണത്തിന് കീഴില്‍ സ്ഫോടനം നടത്തിയ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്രകുമാര്‍ ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്നും എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ദിനേശ് ഗുപ്ത വിധിച്ചു. സുനില്‍ ജോഷി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവശേഷിക്കുന്ന രണ്ടു പ്രതികള്‍ക്കുള്ള ശിക്ഷ മാര്‍ച്ച് 16ന് പ്രഖ്യാപിക്കും. അസിമാനന്ദക്ക് പുറമെ ലോകേഷ്, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേഷ് വാസ്നി, ഭരത് ഭായ് എന്നിവരും കുറ്റക്കാരല്ളെന്ന് വിധിച്ചു.
മലയാളി സുരേഷ് നായര്‍ അടക്കം മൂന്നു പ്രതികള്‍ ഒളിവിലായതിനാല്‍ അവര്‍ക്കെതിരായ വിചാരണ നടന്നിട്ടില്ല. 13ാം നൂറ്റാണ്ടിലെ സൂഫി വര്യന്‍ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയെ ഖബറടക്കിയ അജ്മീര്‍ ദര്‍ഗയില്‍ 2007 ഒക്ടോബര്‍ 11നുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മുസ്ലിം ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആദ്യം ആരോപിച്ച അന്വേഷണ ഏജന്‍സികള്‍ പിന്നീടാണ് ഹിന്ദുത്വ ഭീകരശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടത്തെിയത്.
2010 ഡിസംബറില്‍ സ്വാമി അസിമാനന്ദ ഡല്‍ഹി തീസ് ഹസാരി കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ അജ്മീര്‍ സ്ഫോടനത്തിലെ തന്‍െറ പങ്കാളിത്തം വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലിംകളുടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതികാരം ചെയ്യാന്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലെ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നുവെന്നും അസിമാനന്ദ മൊഴി നല്‍കി. 2006നും 2008നുമിടയില്‍ മഹാരാഷ്ട്രയിലെ മാലേഗാവിലും ഹൈദരാബാദ് മക്ക മസ്ജിദിലും പാകിസ്താനിലേക്കുള്ള സംഝോത എക്സ്പ്രസിലും സ്ഫോടനങ്ങള്‍ നടത്തിയത് ഈ സംഘമാണെന്നും അസിമാനന്ദ വ്യക്തമാക്കി.
രാജ്യത്തെ ഇസ്ലാമിക ഭീകരതക്കെതിരായി പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് 2004ല്‍ കുംഭില്‍ സ്വാമി അസിമാനന്ദ വിളിച്ചുകൂട്ടിയ യോഗത്തിലാണ് സ്ഫോടനം നടത്താനുള്ള ആദ്യ പദ്ധതി തയാറാക്കിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിനുശേഷം 2006ല്‍ ഹിന്ദുത്വവത്കരണത്തിനായി സ്വാമി അസിമാനന്ദയും കൊല്ലപ്പെട്ട സുനില്‍ ജോഷിയും മേള സംഘടിപ്പിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്, മുന്‍ തലവന്‍ കെ.എസ്. സുദര്‍ശന്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. സ്ഫോടനം നടത്താന്‍ പണം സ്വരൂപിക്കാമെന്നേറ്റ അസിമാനന്ദ തന്നെയാണ് ആവശ്യമായ തീവ്രവാദികളെ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.