ഭോപ്പാൽ: ദ്വാരകപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ കഴിഞ്ഞ ദിവസമായിരുന്നു നിര്യാതനായത്. 99 വയസ്സായിരുന്നു. ശാരദ, ജ്യോതിഷ് പീഠങ്ങളുടെയും ശങ്കരാചാര്യരായിരുന്ന സ്വാമി സ്വരൂപാനന്ദയെ അവസാനമായി ഒരു നോക്ക് കാണാൻ മധ്യപ്രദേശിലെ നരസിങ്പൂർ ആശ്രമത്തിൽ ആയിരങ്ങളാണ് എത്തിയത്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേൽ, മുൻ മുഖ്യമന്ത്രി കമൽ നാഥ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു.
സ്വാമി സ്വരൂപാനന്ദയുടെ പിൻഗാമിയെയും പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പേരെയാണ് സ്വരൂപാനന്ദയുടെ പിൻഗാമികളായി പ്രഖ്യാപിച്ചത്. ഇവർ വ്യത്യസ്ത പീഠങ്ങളുടെ ശങ്കരാചാര്യരുമാകും.
റിപ്പോർട്ടുകൾ പ്രകാരം സ്വാമി അവിമുക്തേശ്വരാനന്ദ്, സ്വാമി സദാനന്ദ് എന്നിവരാണ് സ്വരൂപാനന്ദയുടെ പിൻഗാമികളാകുക. സ്വാമി അവിമുക്തേശ്വരാനന്ദ് ബദ്രിനാഥിലെ ജ്യോതിഷ് പീഠത്തിന്‍റെ അധിപതിയാകും. സ്വാമി സദാനന്ദ് ദ്വാരകയിലെ ശാരദ പീഠത്തിന്‍റെയും അധിപതിയാകും. സ്വാമി സദാനന്ദിന്‍റെ ഭൗതികദേഹത്തിനു മുന്നിലാണ് അദ്ദേഹത്തിന്‍റെ പിൻഗാമികളുടെ പ്രഖ്യാപനം നടന്നത്. അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറിയായ സുബോധാനന്ദ് മഹാരാജ് ആണ് പ്രഖ്യാപനം നടത്തിയത്.
മധ്യപ്രദേശിലെ നർസിങ്പൂരിലെ ആശ്രമത്തിൽ ഞായറാഴ്ച വൈകീട്ട് 3.30ഓെടയായിരുന്നു സ്വാമി സ്വരൂപാനന്ദയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരുവർഷമായി അസുഖം മൂലം കിടപ്പിലായിരുന്നു.
മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ദിഗോരി ഗ്രാമത്തിൽ 1924ലാണ് സ്വാമിയുടെ ജനനം. 1950 ൽ ദണ്ഡി സന്ന്യാസിയായി. 1982ൽ ദ്വാരക പീഠ് ശങ്കരാചാര്യയായി അവരോധിതനായി.
ഗോവധ നിരോധനത്തിനും ഏക സിവിൽകോഡിനുമായി ശക്തമായി വാദിച്ച ആത്മീയ നേതൃത്വം കൂടിയാണ് സ്വരൂപാനന്ദ സരസ്വതി. ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അതേസമയം, ഗോവധം നിർത്താനാകാത്ത ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിയെ സ്വരൂപാനന്ദ വിമർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.