ന്യൂഡൽഹി: 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകൾ പോലെ ബി.ജെ.പിക്ക് ഇക്കുറി മഹാരാഷ്ട്രയിലെ വിജയം എളുപ്പമാകില്ലെന്ന് എൻ.സി.പി അജിത് പവാർ വിഭാഗം നേതാവ് ഛഗൻ ഭുജ്ബൽ. സഹതാപതരംഗം ഉദ്ധവ് താക്കറെക്കും ശരത് പവാറിനും ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 41 സീറ്റും നേടി ബി.ജെ.പി വിജയിച്ചിരുന്നു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് പവാർ വിഭാഗം നേതാവിന്റെ പരാമർശം.
ശിവസേന, എൻ.സി.പി പിളർപ്പിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ ഉദ്ധവ് താക്കറെക്കും ശരത് പവാറിനും അനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കും. 400 സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ പ്രചാരണം അവർ അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റം വരുത്തുമോയെന്ന സംശയം ആളുകൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ഛഗൻ ഭുജ്ബൽ പറഞ്ഞു.
ഒരേ വീടിന് കീഴിൽ ഒരുമിച്ച് കഴിഞ്ഞവർ രണ്ട് വഴിക്ക് പോയത് തന്നെ സംബന്ധിച്ചടുത്തോളം ദുഃഖകരമാണ്. ആരുടെ തെറ്റുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് എൻ.സി.പി അജിത് പവാർ വിഭാഗം നേതാവ് ഇക്കാര്യം പറയുന്നത്.
മഹാരാഷ്ട്രയിൽ എൻ.സി.പി, ശിവസേന പാർട്ടികൾ പിളർന്നിരുന്നു. ശിവസേനയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടിവിട്ട് എൻ.ഡി.എക്കൊപ്പം ചേർന്നിരുന്നു. ഇതോടെ ഉദ്ധവ് താക്കറെ സർക്കാർ വീഴുകയും ഷിൻഡെ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എൻ.സി.പി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പാർട്ടി വിട്ട് എൻ.ഡി.എയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.