മുഹമ്മദ് സുഹൈൽ ഷഹീൻ

ഇന്ത്യയെ അഭിനന്ദിച്ചും മുന്നറിയിപ്പ് നൽകിയും താലിബാൻ

ദോഹ‍‍‍: ‍‍അഫ്ഗാനിസ്താന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യൻ സൈനിക സാന്നിധ്യം അഫ്ഗാനിൽ പാടില്ലെന്ന മുന്നറിയിപ്പ് നൽകിയും താലിബാൻ. വാർത്താ ഏജൻസി എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിത്.

അഫ്ഗാൻ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്പും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവർത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാൻ ജനങ്ങൾക്കായി അണക്കെട്ടുകൾ, ദേശീയ- അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, അഫ്ഗാനിസ്ഥാന്‍റെ വികസനം, പുനർനിർമാണം, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാർഹമാണെന്ന് അഫ്ഗാനിലെ ഇന്ത്യൻ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാൻ വക്താവ് മറുപടി നൽകി.

ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിലുണ്ടെങ്കിൽ, അത് അവർക്ക് നല്ലതല്ല. അഫ്ഗാനിൽ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യ മനസിലാക്കിയിട്ടുണ്ടാകും. അത് ഇന്ത്യക്ക് ഒരു തുറന്ന പുസ്തകമാണ്. അയൽ രാജ്യങ്ങൾ ഉൾപ്പെടെ ഒരു രാജ്യത്തിനെതിരെയും അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന പൊതുനയം തങ്ങൾക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

"ഇന്ത്യൻ പ്രതിനിധി സംഘം താലിബാൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദോഹയിൽ ഞങ്ങൾ നടത്തിയ കൂടിക്കാഴ്ചയിൽ ഒരു ഇന്ത്യൻ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു" താലിബാൻ വക്താവ് പറഞ്ഞു.

അഫ്ഗാനിലെ പാക്തിയ ഗുരുദ്വാരയിലെ പതാക സിഖ് വിഭാഗക്കാർ തന്നെ‍യാണ് നീക്കം ചെയ്തത്. പതാക കണ്ടാൽ ആരെങ്കിലും ഉപദ്രവിക്കുമെന്നാണ് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് സിഖുകാർ പറഞ്ഞത്. തങ്ങളുടെ ഉറപ്പിൽ അവർ പതാക വീണ്ടും ഉയർത്തിയെന്നും വക്താവ് പറഞ്ഞു.

പാക് ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടോ എന്ന ചോദ്യത്തിനും താലിബാൻ വക്താവ് മറുപടി നൽകി. ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ചില നയങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് താലിബാന് അവരുമായി ബന്ധമുള്ളത്.

എംബസികൾക്കും നയതന്ത്രജ്ഞർക്കും താലിബാന്‍റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയുമില്ല. എംബസിയെയോ നയതന്ത്രജ്ഞനെയോ ലക്ഷ്യമിടുന്നില്ല. ഇത് പല തവണ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ താലിബാന്‍ പ്രതിബദ്ധമാണെന്നും താലിബാൻ വക്താവ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Taliban appreciates India's capacity building efforts in Afghanistan, cautions on any military role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.