പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന മരുന്ന് ചേർത്തെന്ന് പ്രചാരണം; സംവിധായകൻ മോഹൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തിൽനിന്ന് നൽകുന്ന പ്രസാദത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ ട്രിച്ചി ജില്ലാ സൈബർ ക്രൈം പൊലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.

പഴനി ക്ഷേത്രത്തിൽ നിന്ന് ഭക്തർക്ക് നൽകുന്ന 'പഴനി പഞ്ചാമൃതം' പ്രസാദത്തെക്കുറിച്ചാണ് മോഹൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് ചേർത്തുവെന്നകായിരുന്നു ആരോപണം. ഇത് വൻ വിവാദമായിരുന്നു.

പഴയ വണ്ണാരപ്പേട്ടൈ, താണ്ഡവം, ദ്രൗപതി തുടങ്ങി നിരവധി തമിഴ് ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് മോഹൻ.

തിരുമല-തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പഴനിയിലും വിവാദ പരാമർശം നടത്തിയത്. മൃഗക്കൊഴുപ്പ് ചേർത്ത സംഭവം കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സർക്കാറിൽനിന്ന് വിശദ റിപ്പോർട്ട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹിന്ദു സേന സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. വി.എച്ച്.പിയുടെ അന്താരാഷ്ട്ര സെക്രട്ടറി ബജ്റംഗ് ബാഗ്ര ഉൾപ്പെടെ പ്രമുഖ നേതാക്കൾ തിരുപ്പതിയിലെത്തി. പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ചേർത്തത് വിശ്വാസികളെ അപമാനിക്കലാണ്. പൊറുക്കാനാവാത്ത ഈ കുറ്റകൃത്യത്തിലെ പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം. ലക്ഷക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ റിപ്പോർട്ടാണ് പുറത്തുവന്നത് -വി.എച്ച്.പി നേതാക്കൾ പറഞ്ഞു.

സംഭവത്തിൽ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്കു മുന്നിൽ കഴിഞ്ഞ ദിവസം യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി. വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷ അതോറിറ്റി സാമ്പ്ൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ‘എഫ്.എസ്.എസ്.എ.ഐ’യുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരേ പറഞ്ഞു.

ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യം വെളിപ്പെടുത്തിയത്. ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നാണ് ജഗൻ മോഹൻ പറയുന്നത്.

Tags:    
News Summary - Tamil film director Mohan held for making derogatory remarks on Pazhani temple 'Panchamirtham' prasadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.