ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ : കേന്ദ്ര നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ തമിഴ്നാട് സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയത്.

ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ​ അഖണ്ഡതക്ക് ഹാനികരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ബഹുഭാഷ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്വല മാതൃകയാണ്. വൈവിധ്യങ്ങളെ കേന്ദ്ര സർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം ലഭിക്കണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്‍റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് രൂപപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഹിന്ദിവത്കരണത്തിന്റെ ഭാഗമായി ഹിന്ദിയിലുള്ള എം.ബി.ബി.എസ് ഒന്നാം വർഷ പാഠപുസ്തകങ്ങൾ കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം മധ്യപ്രദേശിൽ പ്രകാശനം ചെയ്തിരുന്നു.

Tags:    
News Summary - Tamil Nadu Assembly to pass resolution against 'imposition' of Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.