ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിങ്ങിപൊട്ടി മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് സംഭവം.
ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോൾ 'അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ്' എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇ.പി.എസിനെതിരെ അപകീർത്തികരമായ പ്രസംഗം.
'എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിത്. മുഖ്യമന്ത്രി ഒരു സാധാരണക്കാരനായിരുന്നെങ്കിൽ എങ്ങനെയായിരിക്കും അവർ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവർ ഒരു കർഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമർശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച് ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം' -ഇ.പി.എസ് പറഞ്ഞു. ദരിദ്രരായാലും സമ്പന്നരായാലും അമ്മമാർ സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിന് അർഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച് അസുഖകരമായി സംസാരിച്ചാൽ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ.പി.എസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരിൽ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തെ തുടർന്ന് എ.ഐ.ഡി.എം.കെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡി. രാജയുടെ കോലം കത്തിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.