ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ മോചനത്തിൽ ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്നാണ് തമിഴ്നാട് സർക്കാറിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത്. ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
മന്ത്രിസഭാ ശിപാർശ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവർണർക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങളിൽ ഗവർണർമാർ തടസമുണ്ടാക്കാൻ തുടങ്ങിയാൽ ജനാധിപത്യം താറുമാറാകുമെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു.
പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ സുപ്രിംകോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു.ദയാഹർജിയിൽ ഒരാഴ്ചക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
മന്ത്രിസഭയുടെ ശിപാർശയിൽ തമിഴ്‌നാട് ഗവർണർ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ വെച്ചിരുന്നു. മോചനക്കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ കാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും, രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.