ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ഡി.എം.കെയുടെ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ പുറത്താക്കിയ നടപടി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി. റെയിഡിന് പിന്നാലെ ജൂൺ14നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനിടെയാണ് ഗവർണറുടെ അസാധാരണ നടപടി.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി പറയുന്നത്. എന്നാൽ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നും, കുടുംബാങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാൻ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി വ്യതമാക്കിയത്.
തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് മദ്രാസ് ഹൈകോടതി ജൂലൈ ഏഴിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവർണർ പറയുന്നതും, പുറത്താക്കിയുള്ള ഉത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഗവർണറുടെ അസാധാരണ നടപടി തമിഴ് നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എഡി.എം.കെ സ്ഥാനാർഥിയായി കരൂർ മണ്ഡലത്തിൽ നിന്നാണ് ബാലാജി ആദ്യമായി തിരഞ്ഞെടുത്തത്. 2011-ൽ കരൂരിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗതാഗത മന്ത്രിയായി. ആ വേളയിലാണ് തൊഴിൽ തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്. 2015ൽ ജയലളിതയുടെ അടുത്ത അനുയായിയായ വി.കെ. ശശികലയുടെ കുടുംബാംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിൽ നിന്ന് പുറത്താക്കിയിരുന്നു .
2016ലെ തിരഞ്ഞെടുപ്പിൽ അരവരി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.ഐ.എഡി.എം.കെ സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല. പാർട്ടിയിലെ പിളർപ്പിനുശേഷം ബാലാജി ശശികലയുടെ അനന്തരവനുമായി സഖ്യത്തിലായി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ഹരജി നൽകിയതിന് 2017ൽ നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയ 18 പേരിൽ ഒരാളായിരുന്നു. 2018ൽ ഡി.എം.കെയിൽ ചേർന്ന് ബാലാജി അരവക്കുറിച്ചി മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 2019-ൽ ഈ മണ്ഡലത്തിൽ നിന്നും 2021-ൽ കരൂരിൽ നിന്നും വീണ്ടും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.