ചെന്നൈ/തിരുവനന്തപുരം: ആറ് ലശ്കറെ ത്വയ്യിബ ഭീകരർ ശ്രീലങ്കവഴി കടലിലൂടെ തമിഴ് നാട്ടിലേക്ക് കടന്നതായി കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന് തമിഴ്നാ ട്ടിൽ പൊലീസ് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഘത്തിൽ തൃശൂർ കൊടുങ്ങല്ലൂർ മാ ടവന സ്വദേശി അബ്ദുൽഖാദർ റഹിം ഉണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല.
ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും അതിജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കും. പാലക്കാട് വാളയാർ ചെക്ക്പോസ്റ്റിലും ജില്ലയുടെ അതിർത്തി ഗ്രാമങ്ങൾ വഴിയുള്ള ഇടറോഡുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ‘112’ എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺേട്രാൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡി.ജി.പി നിർദേശിച്ചു.
സംഘത്തിൽ മലയാളിയില്ലെന്നും ഒരു പാക് പൗരനും അഞ്ച് ശ്രീലങ്കൻ തമിഴ് മുസ്ലിംകളുമാണുള്ളതെന്ന് തമിഴ്നാട് സ്പെഷൽ ഇൻറലിജൻസ് യൂനിറ്റ് ഉദ്യോഗസ്ഥർ പറയുന്നു. അൻവർ ഇല്യാസ് ആണ് പാക് പൗരൻ. ആഗസ്റ്റ് 21ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് ഇവർക്ക് ലഭിച്ച വിവരം. വ്യാഴാഴ്ച രാത്രി മുതലാണ് ആരാധനാലയങ്ങൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾ തുടങ്ങിയ ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ െപാലീസ് നിരീക്ഷണവും മുൻകരുതൽ നടപടികളും സ്വീകരിച്ചത്. ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ നാവികസേനയും തീരദേശേസനയും റോന്തുചുറ്റുന്നുണ്ട്.
ഭീകരർ കോയമ്പത്തൂരിലേക്ക് നീങ്ങിയതായാണ് ഇൻറലിജൻസ് ഏജൻസികൾ നൽകുന്ന വിവരമെന്നും ഇതുമൂലം ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.