ചെന്നൈ: വസ്തുതാ പരിശോധന വെബ്‌സൈറ്റായ ‘ആൾട്ട് ന്യൂസി’ന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് തമിഴ്‌നാട് സർക്കാറിന്റെ മതസൗഹാർദ അവാർഡ്. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡിനാണ് ഈ വർഷം സുബൈർ അർഹനായത്.
റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സുബൈറിന് അവാർഡ് സമ്മാനിച്ചു. വ്യാജവാർത്തകൾ തുറന്നുകാട്ടി അക്രമങ്ങൾ തടയാൻ സഹായിച്ചതിനും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ട താലൂക്ക് സ്വദേശിയാണ് സുബൈർ. തളി ഉറുദു സ്കൂൾ സ്ട്രീറ്റിലാണ് കുടുംബം താമസിക്കുന്നത്. 2017ലാണ് സുബൈർ ഫാക്‌ട് ചെക്കിങ് പോർട്ടൽ സ്ഥാപിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വിശകലനം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തി പുറത്തുവിടുകയാണ് ആൾട്ട് ന്യൂസ് ചെയ്യുന്നത്.
2023 മാർച്ചിൽ ‘തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു’ എന്ന പേരിൽ പ്രചരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോയുടെ ആധികാരികത പരിശോധിച്ച ആൾട്ട് ന്യൂസ്, സംഭവം തമിഴ്‌നാട്ടിൽ നടന്നതല്ലെന്ന് തെളിവുസഹിതം വെളിപ്പെടുത്തി. ഇത് രാജ്യവ്യാപകമായി തമിഴ് -ഹിന്ദി വംശീയ ആക്രമണത്തിനുള്ള സാധ്യതയാണ് തടഞ്ഞത്.
സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച സേവനം ചെയ്യുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വ്യക്തിക്കാണ് കോട്ടായി അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് നൽകുന്നത്. 25,000 രൂപയും മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എല്ലാ വർഷവും ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.