ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരമ്പരാഗത സാഹസിക വിനോദമായ ജെല്ലിക്കെട്ടുകൾ ജനങ്ങളിൽ ആവേശംപടർത്തുന്നു. ഞായറാഴ്ച രാവിലെ മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മന്ത്രിമാരായ പി.ടി.ആർ. പളനിവേൽരാജൻ, മൂർത്തി, എം.പി എസ്. വെങ്കടേശൻ, ജില്ല കലക്ടർ അനീഷ് ശേഖർ തുടങ്ങിയവർ ഫ്ലാഗ്ഓഫ് ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. 11 റൗണ്ടുകളിലായി 737 കാളകളെയാണ് കളത്തിലിറക്കിവിട്ടത്. 300 കാളപിടിയൻമാരും രംഗത്തിറങ്ങി. മത്സരത്തിൽ ഒമ്പത് കാണികൾ ഉൾപ്പെടെ 61 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ 14 പേരെ മധുര രാജാജി ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവർക്ക് സ്വർണ- വെള്ളി നാണയങ്ങൾ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മിക്സി, സൈക്കിൾ തുടങ്ങിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വക ഏറ്റവും കുടുതൽ കാളകളെ പിടിച്ച വിജയിക്ക് കാറും മികച്ച കാളയുടെ ഉടമസ്ഥനായ മധുര സ്വദേശി കാമേഷിന് ബൈക്കും സമ്മാനിച്ചു.തിങ്കളാഴ്ച പാലമേടിലാണ് ജെല്ലിക്കെട്ട് നടക്കുക. ലോകപ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട് 17ന് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.