ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി റദ്ദാക്കിയത് പുനഃസ്ഥാപിച്ചുകിട്ടാൻ തമിഴ്നാട് സുപ്രീംകോടതിയിൽ എത്തി. മുല്ലപ്പെരിയാർ-ബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്ന് ബോധിപ്പിച്ച തമിഴ്നാട് 15 മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്ന് വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് തമിഴ്നാട് പുതിയ അപേക്ഷ സമർപ്പിച്ചത്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കുന്നതിന് 2015 മേയ് മുതൽ കേരളത്തോട് നിരന്തരം അനുമതി ആവശ്യപ്പെട്ടുവരുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഓൺലൈനായാണ് 2015 മേയിൽ കേരളത്തിന് അപേക്ഷ അയച്ചത്. വള്ളക്കടവ് -മുല്ലപ്പെരിയാർ വനമേഖലയിലെ റോഡ് അറ്റകുറ്റപ്പണി നടത്താനും അനുമതി തേടിയതാണ്.
എന്നാൽ, നിഷേധാത്മക നിലപാടാണ് കേരളം സ്വീകരിച്ചതെന്ന് തമിഴ്നാട് ആരോപിച്ചു. സുപ്രീംകോടതി വിധി കേരളം പാലിക്കുന്നില്ലെന്നും ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടി കേരളം തടസ്സപ്പെടുത്തുകയാണെന്നും ആരോപണം തുടർന്നു. മേൽനോട്ട സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും മരംമുറിക്ക് കേരളം അനുമതി നിഷേധിക്കുന്നു. മഴമാപിനി സ്റ്റേഷനിലെ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്നും തമിഴ്നാട് പുതിയ അപേക്ഷയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.