തലശ്ശേരി: ഭർത്താവിനൊപ്പം പഴനിയിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് തമിഴ്നാട് പൊലീസ് തലശ്ശേരിയിലെത്തി. നാല് വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതംഗ പൊലീസ് സംഘമാണ് സ്വകാര്യ വാഹനത്തിൽ ചൊവ്വാഴ്ച രാവിലെ തലശ്ശേരിയിലെത്തിയത്. പഴനി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രൻ, സി.ഐ കവിത, തമിഴ്നാട് സ്പെഷൽ പൊലീസ് എസ്.ഐ വിശ്വനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയുടെ മൊഴിയെടുക്കാനെത്തിയത്.
തലശ്ശേരി എ.സി.പി മൂസ വള്ളിക്കാടനുമായി തമിഴ്നാട് പൊലീസ് സംഘം ചർച്ച നടത്തി. പിന്നീട് പീഡനത്തിനിരയായ യുവതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പോയി വിവരങ്ങൾ ശേഖരിച്ചു. ഡിണ്ഡിഗൽ എ.എസ്.പി രമണി പ്രിയയാണ് പഴനിയിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. തലശ്ശേരിയിൽ കൂലിവേലയെടുത്ത് ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശിയായ നാൽപതുകാരിയാണ് പഴനിയിൽ തീർഥാടനത്തിനിടെ മാനഭംഗത്തിനിരയായത്. ജൂൺ 19നായിരുന്നു സംഭവം.
രണ്ടാം ഭർത്താവിനൊപ്പമാണ് യുവതി പഴനിയിലെത്തിയത്. പഴനി അടിവാരത്തെ പൂങ്കാ റോഡിലെ ലോഡ്ജിലാണ് ദമ്പതികൾ മുറിയെടുത്തത്. രാത്രി ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ ഭർത്താവിെൻറ മുന്നിൽവെച്ച് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യക്കുപ്പി ഉപയോഗിച്ച് യുവതിയെ രഹസ്യഭാഗത്ത് കുത്തിപ്പരിക്കേൽപിച്ച സംഘം, ഭർത്താവിനെ ക്രൂരമായി മർദിച്ചു.
ഏറെ അവശയായാണ് ദമ്പതികൾ തലശ്ശേരിയിൽ തിരിച്ചെത്തിയത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതിനെ തുടർന്ന് യുവതി തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടുകയായിരുന്നു. ഡിസ്ചാർജായശേഷം കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് തിങ്കളാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.