ചെന്നൈ: മദ്യലഹരിയിൽ 20കാരിയായ മകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വീട്ടമ്മ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഗുരുതര വകുപ്പുകൾ ഒഴിവാക്കി കരുണ കാട്ടുകയും ചെയ്തു. സ്വയം പ്രതിരോധിക്കുന്ന സംഭവങ്ങളിൽ ഉപയോഗിക്കുന്ന ഐ.പി.സി സെക്ഷൻ 100 ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
സ്ഥിരം മദ്യപാനിയായ ഭർത്താവ് 41കാരിയായ വീട്ടമ്മയെ മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നു. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടായിരുന്നു മർദനം അധികവും. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് 20 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ ഇവരെ മർദിക്കുകയായിരുന്നു.
ഇതോടെ കയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് അവർ ഭർത്താവിന്റെ തലക്ക് ആഞ്ഞടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം അവർ തന്നെ അയൽവാസികളെ വിവരമറിയിച്ചു. അയൽവാസികളാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് കാര്യങ്ങളറിഞ്ഞപ്പോൾ അതുമാറ്റി സെക്ഷൻ 100 ചുമത്തുകയായിരുന്നു.
സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഗുരുതര വകുപ്പുകൾ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയിൽ സംഭവിച്ചത് എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.