ചെന്നൈ: തമിഴ്നാട്ടിലെ വിമത എം.എൽ.എമാരുടെ ഹരജി കോടതിയുടെ പരിഗണനയിലായതിനാൽ അതിൽ തീരുമാനം വന്നശേഷമേ വിശ്വാസ വോെട്ടടുപ്പ് നടപടിക്രമങ്ങളിലേക്ക് നീങ്ങുകയുള്ളൂ എന്ന് രാജ്ഭവൻ വൃത്തങ്ങൾ. വിഷയം കോടതിയെ അറിയിക്കുമെന്നും തങ്ങൾക്കനുകൂലമായ തീരുമാനമുണ്ടാകുമെന്നും വിമത നേതാവ് ടി.ടി.വി. ദിനകരൻ, എം.എൽ.എമാരായ പി. വെട്രിവേൽ, തങ്കത്തമിഴ് സെൽവൻ എന്നിവർ പറഞ്ഞു.
ജനാധിപത്യത്തെ അറുകൊല െചയ്ത സ്പീക്കർ, സർക്കാറിന് കുറുക്കുവഴിയിലൂടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. പാർട്ടി എം.എൽ.എമാരുടെ അടിയന്തര യോഗം ഇന്ന് വൈകുന്നേരം ഡി.എം.കെ ആസ്ഥാനത്ത് ചേർന്ന് സഥിതിഗതികൾ വിലയിരുത്തും.
സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയിൽ അടിയന്തര തീരുമാനം കൈക്കൊള്ളാൻ തമിഴ്നാടിെൻറ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു ഉടൻ ചെന്നൈയിലെത്തും. ഇതിനുമുമ്പ് ഡൽഹിയിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഗവർണർ ചർച്ച നടത്തി. ബി.ജെ.പി കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള പന്നീർസെൽവം പക്ഷ നേതാവ് ഡോ. വി. മൈേത്രയൻ എം.പി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി പളനിസാമിയെ നീക്കണമെന്നാവശ്യപ്പെട്ടു ദിനകരപക്ഷത്തെ 19 പേരാണ് കഴിഞ്ഞ മാസം ഗവർണർക്ക് കത്ത് നൽകിയത്. കമ്പം എം.എൽ.എ എസ്.ടി.കെ ജക്കയ്യൻ മറുകണ്ടംചാടി മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചതോടെ ഇദ്ദേഹത്തെ നടപടികളിൽനിന്ന് ഒഴിവാക്കി. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന സ്പീക്കറുടെ നോട്ടീസിന് ജക്കയ്യൻ മാത്രമാണ് മറുപടി നൽകിയത്. അതേസമയം, വിമത എം.എൽ.എമാർ കർണാടക കുടകിലെ റിസോർട്ടിൽ തങ്ങുകയാണ്. സർക്കാർ ഒറ്റക്കെട്ടാണെന്നും താഴെയിറക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പളനിസാമി സേലത്ത് പൊതുസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.