കുമളി: ഏപ്രിൽ 29ന് ഇടുക്കിയിലെ ചിന്നക്കനാലിൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളക്കുമ്പോൾ ഇടംവലം നിന്നിരുന്നത് നാല് കുങ്കിയാനകളായിരുന്നു. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകൾ അരിക്കൊമ്പനെ അനങ്ങാൻ വിടാതെ തളച്ച് ലോറിയിലെ കൂട്ടിലേക്കെത്തിച്ചു. ഒരുമാസത്തിനിപ്പുറം തമിഴ്നാട്ടിലെ കമ്പത്ത് അരിക്കൊമ്പനെ പിടികൂടാൻ വീണ്ടും ദൗത്യം ആരംഭിക്കുമ്പോൾ എത്തിച്ചിരിക്കുന്നത് മൂന്ന് കുങ്കിയാനകളെയാണ് -മുത്തു, സ്വയംഭൂ, ഉദയൻ. കമ്പം ചുരുളി വെള്ളച്ചാട്ട മേഖലയിൽ ഇന്ന് രാവിലെ കണ്ടെത്തിയ അരിക്കൊമ്പനെ കൂടുതൽ പരാക്രമങ്ങൾക്ക് വിടാതെ തളയ്ക്കേണ്ട ചുമതല ഇവർക്കാണ്.
പൊള്ളാച്ചി ആനമലയിൽ നിന്നുള്ള കുങ്കിയാനകളായ സ്വയംഭൂ, മുത്തു എന്നിവയെ പുലർച്ചെയോടെ തന്നെ കമ്പത്ത് എത്തിച്ചിട്ടുണ്ട്. മുതുമല തെപ്പക്കാട് ആനസങ്കേതത്തിൽ നിന്നുള്ള ഉദയനും എത്തും. ഇന്ന് മയക്കുവെടി വെക്കുമ്പോൾ അരിക്കൊമ്പൻ അക്രമാസക്തനാകാതെ നോക്കേണ്ടതും ജനവാസ മേഖലയിലേക്ക് വിടാതെ തടയേണ്ടതും കുങ്കിയാനകളുടെ ചുമതലയാണ്.
ചിന്നക്കനാലിലെ ദൗത്യത്തിനിടെ കരുത്തരായ നാല് കുങ്കിയാനകൾക്കെതിരെയും അരിക്കൊമ്പൻ പ്രതിരോധം തീർത്ത് രക്ഷപ്പെടാൻ പഴുതുകൾ തേടിയിരുന്നു. എന്നാൽ കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകൾ ദൗത്യം പൂർണവിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ചുവും സൂര്യനും സുരേന്ദ്രനും പ്രതിരോധം തീർക്കുകയും വിക്രം അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റുകയുമായിരുന്നു. സുരേന്ദ്രന് ഇടക്ക് പരിക്കേറ്റുവെങ്കിലും ദൗത്യത്തിൽ നിന്ന് പിന്മാറാതെ നാല് പേരും ഒന്നിച്ച് നിന്ന് അരിക്കൊമ്പനെ പ്രതിരോധിക്കുകയായിരുന്നു.
ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്. ഇന്നലെ കമ്പം ടൗണിലിറങ്ങിയ ആന നാശനഷ്ടമുണ്ടാക്കിയിരുന്നു. തുടർന്നാണ് വനംവകുപ്പ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.